Your Image Description Your Image Description

 

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ലെന്ന് കാട്ടി സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. സിപിഐയുടെ രാജ്യസഭാ എംപി പി സന്തോഷ് കുമാറിന്‍റെ സഹോദരി കൂടിയാണ് സമരം നടത്തുന്ന ഷീജ. കണ്ണൂർ കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെയാണ് പരാതി.

നിക്ഷേപ കാലാവധി പൂര്‍ത്തിയായി, ഒമ്പത് മാസമായിട്ടും തിരികെ നല്‍കിയില്ലെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിക്കുൾപ്പെടെ മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇത് ചതിയാണ്, വിശ്വസിച്ച പ്രസ്ഥാനം വഞ്ചിച്ചു എന്നും, നിയമപരമായി മുന്നോട്ടുപോകണമെങ്കില്‍ അങ്ങനെ പോകുമെന്നും ഷീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാഴ്ചയായി ഷീജ സഹകരണ സംഘത്തിന് മുന്നില്‍ സമരത്തിലാണ്.

സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്ക് കൂടിയാണ് ഷീജ ഇത്രയും തുടക സ്ഥിരനിക്ഷേപമായി നല്‍കിയത്. രണ്ട് വർഷം കാലാവധി ജൂലൈയിൽ പൂർത്തിയായപ്പോള്‍ പലിശയടക്കം ഇരുപത് ലക്ഷത്തിലധികം രൂപ ഷീജയ്ക്ക് തിരികെ കിട്ടണം. എന്നാല്‍ ഇന്ന്- നാളെ എന്ന് പറഞ്ഞ് ജീവനക്കാര്‍ ഇവരെ ദിവസവും മടക്കി അയക്കുകയാണുണ്ടായത്.

ഉറപ്പുകളെല്ലാം വെറുതെയായപ്പോഴാണ് ഷീജ പാർട്ടിക്ക് പരാതി നല്‍കിയത്. അതിലും ഫലമുണ്ടായില്ല. ഇതിനിടെ ചികിത്സയ്ക്ക് പണം ആവശ്യം വന്നു. അതിനും പണം കിട്ടിയില്ല. തുടര്‍ന്ന് മാർച്ചിൽ തന്നുതീർക്കാമെന്ന് സഹകരണ സംഘം വാക്കുകൊടുത്തെങ്കിലും അതും നടന്നില്ല. ഇതോടെയാണ് സഹകരണ സംഘത്തിന് മുമ്പില്‍ സമരത്തിനിരിക്കാൻ ഷീജ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *