Your Image Description Your Image Description

 

അടുത്ത കാലത്തായി ലിവിങ് ടുഗെതർ ബന്ധങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. രാജ്യത്ത് ആദ്യമായി അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവിൽ കോഡിൽ ലിവിങ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും അതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുകയും ചെയ്തതോടെ ഇത്തരം ബന്ധങ്ങളുടെ നിയമ സാധുതകയും മറ്റ് അവകാശ – ബാധ്യതകളും വലിയ ച‍ർച്ചയായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിധിയാണ് ഇന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.

കുറച്ചുകാലം ലിവിങ് ടുഗെതർ ബന്ധത്തിൽ ഒരുമിച്ച് താമസിച്ച പുരുഷനും സ്ത്രീയും വേർപിരിയുകയാണെങ്കിൽ, അവ‍ർ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കിൽ പോലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്നാണ് വിധി. വേർപിരിഞ്ഞ ശേഷം ജീവനാശം തേടി സ്ത്രീ നൽകിയ ഹ‍ർജി ഒരു കീഴ്ചകോടതി പരിഗണിച്ചപ്പോൾ നേരത്തെ അവ‍ർക്ക് അനുകൂലമായ വിധിയാണ് നൽകിയത്. പുരുഷൻ എല്ലാ മാസവും 1500 രൂപ ജീവനാംശം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് പുരുഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിച്ച ഹൈക്കോടതിയും സ്ത്രീയുടെ ആവശ്യത്തിനൊപ്പം തന്നെ നിന്നു.

വിവാഹം ചെയ്തിട്ടില്ലെങ്കിലും സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിച്ചതിന് തെളിവുകളുണ്ടെങ്കിൽ ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കീഴ്‍കോടതിയുടെ നിരീക്ഷണം ഹൈക്കോടതി ശരിവെയ്ക്കകയും ചെയ്തു. നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കിലും സ്ത്രീയും പുരുഷനും, ഭാര്യയും ഭർത്താവും പോലെയാണ് ജീവിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പുറമെ ഈ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചത് പ്രതിമാസ ജീവനാംശത്തിനുള്ള സ്ത്രീയുടെ അവകാശം ഒന്നുകൂടി ഉറപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ലിവിങ് ടുഗെത‍ർ ബന്ധത്തിന്റെ കാര്യത്തിൽ നിയമപരമായി ഇടപെടലുകളുടെ വലിയ സാധ്യത തുറക്കുന്ന വിധി കൂടിയായി ഇത് മാറിയിരിക്കുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *