Your Image Description Your Image Description

 

ഇനി ഇൻസ്റ്റഗ്രാമിന് സമാനമായി വാട്ട്സാപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാം. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. പക്ഷേ ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെൻഷൻ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ സംബന്ധിച്ച അപ്ഡേഷൻ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചനകൾ.

അടുത്തിടെയാണ് വാട്ട്സാപ്പ് ഡിപി സെക്യൂർ ചെയ്യാൻ ഓപ്ഷൻ അവതരിപ്പിച്ചത്. പുതിയ ഫീച്ചർ അനുസരിച്ച് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.

ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്ട്സാപ്പ് നല്കുമെന്നാണ് സൂചന. ഫീച്ചര്‌ ഓണായിരിക്കുന്ന സമയത്ത് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ‌ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും കാണിക്കുക. ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.

കഴിഞ്ഞ ദിവസം സ്റ്റാറ്റസ് അപ്ഡേഷനുമായി ബന്ധപ്പെട്ട ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ അപ്ഡേഷൻ വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകുമെന്നാണ് സൂചന. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി പങ്കിടുന്ന ദൈർഘ്യമേറിയ വിഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *