Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെൺ സുഹൃത്തിന്‍റെ വീട്ടിൽ രാത്രി എത്തിയതിനുശേഷം ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചതാണ് മരണകാരണമെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം . സംഭവത്തിൽ 10 പേരെ കസ്‌റ്റഡിയിലെടുത്തു. മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണു സംഭവം. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്‍റെ മുന്നിലെ ഇരുമ്പു തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ കെട്ടിയിട്ടു മർദിച്ചുവെന്നാണ് പരാതി.

അവശ നിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രാവിലെ വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അക്രമം.

പെൺ സുഹൃത്തിന്‍റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ 10 പേരെ കസ്‌റ്റഡിയിൽ എടുത്തു. ആള്‍ക്കൂട്ട വിചാരണയാണോ കാരണമെന്നറിയാല്‍ പൊലീസ് നാളെ കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെത്തിയതിനുശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *