Your Image Description Your Image Description

 

ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സെല്ലിൽ കഴിയുന്നത് എങ്ങനെ എന്ന് റിപ്പോർട്ട്. പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. തിഹാർ ജയിലിൽ റിമാന്റിൽ കഴിയുന്ന കെജ്രിവാൾ അതിരാവിലെ ഉണരുകയും തൻ്റെ സെൽ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകൾ തുടങ്ങുന്നത്. പിന്നീട് വരാന്തയിലുള്ള ടിവി കണ്ടു നിൽക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ ഏപ്രിൽ ഒന്നിന് തീഹാർ ജയിയിലേക്ക് എത്തിച്ചത്.

ഹാളിലെ ടിവി കണ്ടതിന് ശേഷം യോഗ ചെയ്യും. പിന്നീട് പ്രഭാതഭക്ഷണം കഴിക്കും. രണ്ട് കഷ്ണം ബ്രെഡും ചായയുമാണ് ആ​ഹാരം. അതിന് ശേഷം പരിസരത്ത് നടക്കുമെന്നും ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. കെജ്രിവാളിനെ ഇത്തിരി അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ് കാണുന്നതെന്നും ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതായി തോന്നുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാരം, രക്തസമ്മർദ്ദം, ഷു​ഗർ എന്നിവ ദിവസവും രണ്ടുതവണ ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി പൂർണമായും സുഖമായിരിക്കുന്നുവെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

കെജ്രിവാളിന്റെ ബിപിയും ഷുഗറും നിയന്ത്രണത്തിലാണ്. ശരീര ഭാരം 65 കിലോയാണ്. ഭാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ മാർച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി പാർട്ടിയും ദില്ലി മന്ത്രി അതിഷിയും ആരോപിച്ചിരുന്നു. ചിലപ്പോൾ കട്ടിലിലിരുന്നു ചുറ്റുപാടുകൾ നിരീക്ഷിക്കുകയും, മറ്റു ചിലപ്പോൾ പുസ്തകം വായിക്കുകയും ചെയ്യും. അതേസമയം, കെജ്രിവാളിന് സെല്ലിന് പുറത്ത് നടക്കാൻ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് അനുവദനീയമല്ല. മറ്റ് തടവുകാരുമായി സംസാരിക്കാനും കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തിഹാറിലെ ജയിൽ നമ്പർ രണ്ടിലെ ജനറൽ വാർഡ് നമ്പർ മൂന്നിൽ സ്ഥിതി ചെയ്യുന്ന 14×8 അടി മുറിയിലാണ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുകയും യോഗ ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ കെജ്രിവാൾ എഴുത്തിലും സജീവമാണ്. സെൽ വൃത്തിയാക്കാൻ എല്ലാ തടവുകാർക്കും നൽകിയ പോലെ തന്നെ കെജ്രിവാളിനും ഒരു ചൂലും ബക്കറ്റും ഒരു തുണിയും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *