Your Image Description Your Image Description

 

തൃശൂര്‍: ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ ഭാഗമായി തൃശൂരിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെയും, (റീ പോൾ ആവശ്യമായി വന്നാൽ ആ തിയ്യതിയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന 06 മണിക്ക് 48 മണിക്കൂർ മുൻപും), വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും ലഹരിവിരുദ്ധ ദിനങ്ങളായി (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയതികളിലും സമയത്തും ജില്ലയിൽ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങളും വിൽക്കുവാനോ വിതരണം ചെയ്യുവാനോ സംഭരിക്കുവാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളിൽ പ്രവർത്തിക്കുവാൻ പാടില്ലാത്തതാണെന്നും ഉത്തരവിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന കര്‍ശന പരിശോധനയുടെ ഭാഗമായി മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ 23250 രൂപയുടെ 15.50 ലിറ്റര്‍ മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തതായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ഏജൻസികൾ ഇതുവരെ നടത്തിയ പരിശോധനകളിൽ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 03 വരെയുള്ള കണക്കാണിത്. മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കൾ, സ്വർണമടക്കമുള്ള അമൂല്യലോഹങ്ങൾ, സൗജന്യവിതരണത്തിനുള്ള വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, മറ്റ് ഏജൻസികൾ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കൾ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *