Your Image Description Your Image Description
Your Image Alt Text

മാണിഗ്രൂപ്പുകാർക്ക് പൊതുവെ കഷ്ടകാലത്തിന്റെ സമയമാണ്. അവരെല്ലാം വലിയ കഷ്ടപ്പാടിലാണ്. ഒരു വര്ഷം മുമ്പേ ലോക്സഭാ സ്ഥാനാർഥി ചാഴികാടൻ തന്നെയെന്ന് ഉറപ്പിച്ച് പരിപാടികൾ ആരംഭിച്ചുവെന്നതൊക്കെ ശരിയാണ്.

ഇതിനിടയിൽ ഇലക്ഷൻ വരുമ്പോൾ സ്ഥാനാർത്ഥിയാകാൻ തലനീട്ടി വരുന്നവന്മാരുടെ തലമണ്ട നോക്കി അടിച്ചു അകത്ത് കയറ്റിയെന്നതും നേരാണ്. ഇതൊന്നും ഒരു മനുഷ്യരും അറിയാത്ത രീതിയിൽ ചെയ്തുവെന്നതും സത്യമാണ്. പക്ഷെ, പ്രവർത്തകരുടെ ശനിദശ അവിടെ ആരംഭിച്ചു.

കഴിഞ്ഞ പത്ത് മുപ്പത്തിയഞ്ച് വർഷമായി UDF ൽ നിന്നും പഠിച്ച പാഠം മാത്രമേ പ്രവർത്തകർക്കറിയൂ. ചുളുവു വീഴാതെ അലക്കിത്തേച്ച ഖദറും ധരിച്ച് പാർട്ടി ഓഫീസിലും ഇലക്ഷൻ കമ്മിറ്റി ഓഫീസിലും പോയിരുന്ന് , വേണ്ടിടത്തും വേണ്ടാത്തിടത്തും പരദൂഷണവും സൊറയും പറഞ്ഞു നേരം കളഞ്ഞിരുന്നു ആ പഴയകാലമൊക്കെ പോയി . അതൊക്കെ ഒരു പഴങ്കഥയായി പറയാം .

ഇത് പറയാൻ കാരണം , ഇത്തവണ പണി പാളി. കമ്മ്യൂണിസ്റ്റുകാരുടെ കൂടെയുള്ള തിരഞ്ഞെടുപ്പാണിത് . കളത്തിൽ ഇറങ്ങിത്തന്നെ കളിക്കണം. വീട് വീടാന്തരം കയറണം. ജനങ്ങളെ നേരിൽ കാണണം. ഇത്തിരി പ്രയാസമുള്ള കാര്യമാണേ. മുമ്പായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിൽ ചാഴിക്കാടന്റെ വിവിധ രൂപത്തിലുള്ള ഒരു പടം വീതം പോസ്റ്റ് ചെയ്തു അവസാനിപ്പിക്കാമായിരുന്നു. ഇന്ന് അത് നടക്കില്ല.

കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ സിപിഎം ചിലത് പഠിച്ചു. ഇവന്മാരെ സ്വതന്ത്രമായി ഇലക്ഷൻ പ്രചാരണത്തിന് വിട്ടാൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് . അതുകൊണ്ടു കോട്ടയം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചുമതല സിപിഎം ഏറ്റെടുത്ത് അവരുടെ മേൽനോട്ടത്തിലും കർശന നിരീക്ഷണത്തിലുമാണ് നടക്കുന്നത് .

തിരഞ്ഞെടുപ്പ് കമ്മിറ്റിയിലോ ഇലക്ഷൻ കമ്മിറ്റി ഓഫിസിലോ വരണ്ട. അവരവരുടെ വീടിരിക്കുന്ന ബൂത്തിലെ നിശ്ചിതയെണ്ണം വീടുകളിൽ ദിവസവും കയറണം. വെറുതെ കണക്ക് കൊടുത്താൽ പോരാ. അവരും കൂടിവരും. വീടുകളിൽ കയറിയാൽ പോരാ അവരെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കണം. അവരുടെ അഭിപ്രായം കേൾക്കണം , കാഴ്ചപ്പാട് മനസ്സിലാക്കണം.

അത് ബൂത്ത് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണം. ഇത് ഒരുവട്ടം പോരാ പലവട്ടം ആവർത്തിക്കണം. ചുരുക്കി പറഞ്ഞാൽ ഇവന്മാരിപ്പോൾ മാർകിസ്റ്റ് കളരിയിൽ തിരഞ്ഞെടുപ്പ് പരിശീലനത്തിലാണ്. ഇത് കഴിഞ്ഞാൽ അടുത്തൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കും.

അപ്പോഴേക്കും ഇവന്മാരിൽ ബുദ്ധിയുള്ളവന്മാരിൽ ഒരുത്തൻ “കെ എം മാണി ഇന്സ്ടിട്യൂറ് ഫോർ ഇലക്ഷൻ തന്ത്രസ്റ്റഡീസ്‌” എന്നോ മറ്റോ പേരിട്ട് ഒരു പ്രസ്ഥാനം തുടങ്ങാൻ സാധ്യതയുണ്ട്. ഇതിനിടയിൽ കൂനിന്മേൽ കുരു എന്നപോലെ ജോസിന്റെ ഒരു വാറോല വേറെ വന്നിരിക്കുന്നത്.

കോൺഗ്രസുകാർ ഇപ്പോഴും പറയുന്നത് മാണിഗ്രൂപ്പ് udf വിട്ടു എന്നാണല്ലോ. അവർ ചതിച്ചു. ഈ കോൺഗ്രസുകാരുടെ ധാരണ നാട്ടുകാരെല്ലാം പൊട്ടന്മാരാണെന്നാണ്. എല്ലാ പ്രസ്താവനക്കും ഒരാഴ്ചത്തെ ആയുസ്സേ ഉള്ളൂവെന്നാണ്.

അന്നത്തെ പ്രതിപക്ഷ നേതാവിനും മുന്നണി കൺവീനർക്കും ഒരു അബദ്ധവും പറ്റി. ഇവന്മാരെ ചവിട്ടി പുറത്താക്കിയാൽ പട്ടി മോങ്ങി തിരിച്ചു വരുന്നതുപോലെ വന്നോളും. അപ്പോൾ അടിച്ചൊതുക്കാമെന്നാണ് വിചാരിച്ചിരുന്നത്. അവിടെയാണ് പണി പാളിയത്.

പരിണത പ്രജ്ഞനായ പിണറായി വിജയൻ തന്റെ ഉറ്റ ചങ്ങാതിയായ ദാമോദരൻ വക്കീൽ രോഗബാധിതനായി കിടന്നിരുന്ന അവസാന കാലത്ത് കാണാൻ ചെന്നപ്പോൾ ഒരു നിരീക്ഷണം പറഞ്ഞിരുന്നു. മാണി സാറിനെ കൂടെകൂട്ടിയാൽ രണ്ടാം ഭരണം ഉറപ്പെന്ന് . 2017 ലെ പ്രവചനമാണ്.

അതിന് അവസരം വന്നാൽ തള്ളിക്കളയരുത്. ഇത് പറഞ്ഞു ഏതാനും ദിവസത്തിനകം ദാമോദരൻ വക്കീൽ കാലം ചെയ്തു. ഇങ്ങനെ ഇരിക്കുമ്പോളാണ് ഇവന്മാർ, അതെ കോൺഗ്രസുകാർ മാണി സാർ മരിച്ചയുടനെ മകനെയും കൂട്ടരെയും ചവിട്ടി പുറത്താക്കിയത്. ഒരു കാരണവശാലും എൽഡിഎഫ് എടുക്കില്ലെന്നായിരുന്നു ഇവന്മാർ ധരിച്ച് വച്ചിരുന്നത്. അത് പാളി.

ഇപ്പോൾ ബെന്നി ബെഹനാൻ ചവിട്ടി പുറത്താക്കിയ വീഡിയോ ക്ലിപ്പ് വീട് വീടാന്തരം കയറി നൽകുന്ന ജോലിയാണ് പാർട്ടി പ്രവർത്തകർക്ക് ജോസ്‌ നൽകിയിരിക്കുന്നത്. ഒപ്പം ചാഴികാടന്റെ വികസന വിപ്ലവം അക്കമിട്ട് നിരത്തുന്നതും പ്രവർത്തകന്റെ ചുമതലയാണ്.

സ്വന്തം ഫണ്ട് 100 ശതമാനവും വിനിയോഗിച്ച കണക്ക് കൂടിയായപ്പോൾ കേമമായി. ഇനിനിടയിൽ ഡീൻ കുര്യാക്കോസിന്റെ ഒരു പ്രസ്താവന കൂടി വന്നു. ഇടുക്കി മണ്ഡലത്തിൽ ചിലവാകാതെ കിടക്കുന്ന തുക എന്റെയല്ല. 2004-09 കാലഘട്ടത്തിലെ എംപിയുടേതാണ്. കൂടെ നിന്നിട്ട് ഇത്രയും വേണമായിരുന്നോ ഡീൻ കുരിയാക്കോസേ ?

എൽഡിഎഫ് സാധാരണഗതിയിൽ വളരെ മുമ്പോട്ട് നോക്കി കാര്യങ്ങൾ നടത്തുന്നവരാണ്. രണ്ടാം തുടർഭരണം സ്വപനം കാണുന്ന സിപിഎം അടുത്ത വര്ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും തുടർന്ന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പും മുന്നിൽ കാണുന്നുണ്ട്.

മധ്യതിരുവിതാം കൂറിൽ ഇടതു മുന്നണി ശക്തമായി നിൽക്കേണ്ട അനിവാര്യത അവർക്ക് നല്ല ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് സിപിഎമ്മിന്റെ ആവശ്യം തന്നെയാണ്. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് കോട്ടയം ലോകസഭ തിരഞ്ഞെടുപ്പിനെ അവർ കാണുന്നതും പ്രവർത്തനം പാർട്ടി നേതൃത്വം ഏറ്റെടുത്തതും.

Leave a Reply

Your email address will not be published. Required fields are marked *