Your Image Description Your Image Description
Your Image Alt Text

മൂന്ന് വർഷം മുമ്പ് വരെ മൂന്നാറിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു മൂന്ന് വട്ടം ദേവികുളം എം.എൽ.എയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ്. രാജേന്ദ്രൻ. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങളേറെയുള്ള ദേവികുളം മണ്ഡലത്തിൽ നിന്ന് ഒന്നര പതിറ്റാണ്ടോളം രാജേന്ദ്രൻ നിയമസഭാ അംഗമായിരുന്നു.

1991 മുതൽ മൂന്ന് ടേം ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ 2006ൽ തറപറ്റിച്ചാണ് എസ്. രാജേന്ദ്രൻ ആദ്യം നിയമസഭയിൽ എത്തുന്നത്. 2011ലും 2016ലും വിജയം ആവർത്തിച്ചു. കൈയേറ്റ വിഷയത്തിലായാലും പെമ്പിളൈ ഒരുമൈ സമരത്തിലായാലും മാറി മാറി വരുന്ന സബ് കളക്ടർമാരുമായി കൊമ്പ് കോർക്കുന്ന കാര്യത്തിലായാലും എപ്പോഴും രാജേന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അപ്പോഴെല്ലാം പാർട്ടിയുടെ പൂർണ പിന്തുണ രാജേന്ദ്രനുണ്ടായിരുന്നു. എന്നാൽ പിന്നീട് പാർട്ടിയുമായി അകന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2022 ജനുവരിയിൽ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

അന്ന് മുതൽ രാജേന്ദ്രൻ പാർട്ടി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2021ൽ നാലാമതും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് രാജേന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചതു മുതലാണ് പാർട്ടിയുമായുള്ള അസ്വാരസ്യം ആരംഭിക്കുന്നത്.

പാർട്ടിയുടെ പൊതുമാനദണ്ഡപ്രകാരം രാജേന്ദ്രന് ഒരു അവസരം കൂടി നൽകാനാകില്ലായിരുന്നു. പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയ്ക്കാണ് സീറ്റ് നൽകിയത്. രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാജേന്ദ്രൻ പങ്കെടുത്തെങ്കിലും ആത്മാർത്ഥമായ പ്രവർത്തനമുണ്ടാകുന്നില്ലെന്ന് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു.

ഒരു വേദിയിലും സ്ഥാനാർത്ഥിയായ എ. രാജയെ വിജയിപ്പിക്കണമെന്ന് എസ്. രാജേന്ദ്രൻ പ്രസംഗിച്ചില്ല. എം.എം. മണിയടക്കമുള്ള ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടിട്ടും രാജയുടെ പേര് പറഞ്ഞില്ല. തിരഞ്ഞെടുപ്പിൽ രാജ വിജയിച്ചെങ്കിലും പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പോലെ വോട്ട് കിട്ടിയില്ല.

പ്രത്യേകിച്ച് രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളിൽ. ഇതോടെ വിവിധ ഘടകങ്ങളിലുള്ളവരെല്ലാം കൂട്ടമായി രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകി. രാജേന്ദ്രൻ ഉൾപ്പെടുന്ന മറയൂരടക്കം മൂന്നാർ, അടിമാലി ഏരിയാ കമ്മിറ്റി അംഗങ്ങളും പരാതി ഉന്നയിച്ചു. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതികളിലേറെയും.

തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരെ അന്വേഷണ കമ്മിഷനായി ജില്ലാ കമ്മിറ്റി നിയോഗിച്ചത്. പരാതികളിൽ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാട്ടിയില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയും കമ്മിഷൻ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *