Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: 23 കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ നാലുപേർ പിടിയിൽ. ഒന്നാം പ്രതിയായ ജിബിൻ ഒരാഴ്ച മുൻപാണ് പോക്‌സോ കേസിൽ ശിക്ഷയനുഭവിച്ച് ജയിൽ നിന്ന് ഇറങ്ങിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാകത്തിന് കാരണമെന്നാണ് പൊലീസ് നൽകിയ വിവരം. ഇതിനിടെ അക്രമിസംഘം വാടകയ്ക്ക് എടുത്ത കാറിന്‍റെ ഉടമയുടെ അച്ഛൻ കേസ് ഭയന്ന് ജീവനൊടുക്കി. മകൻ കേസിൽ പ്രതിയാകുമെന്ന ആശങ്കയിലാണ് നെയ്യാറ്റിൻകര സ്വദേശിയായ സുരേശൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വെൺപകൽ സ്വദേശി ജിബിൻ, നെല്ലിമൂട് സ്വദേശി മനോജ്, ചൊവ്വര സ്വദേശി അഭിജിത്ത്, കാഞ്ഞിരംകുളം രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ കൊടങ്ങാവിള കവലയ്ക്ക് സമീപമാണ്ആദിത്യൻ കൊല്ലപ്പെട്ടത്. ആദിത്യനും ജിബിനും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാടും ഉണ്ടായിരുന്നു.

അമരവിളയിലെ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യൻ ബൈക്കിന്റെ രേഖകൾ കൈമാറി പണം വാങ്ങിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് ആദിത്യൻ, ജിബിനുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ജിബിനും സുഹൃത്തുക്കളും ആദിത്യനെ മർദ്ദിച്ചു. ഇതിന് ശേഷം ജിബിൻ അമ്മയെ കൊണ്ട് ഒരു പരാതി നെയ്യാറ്റിൻകര പൊലീസിൽ നൽകി.

ഈ കേസില്‍ നെയ്യാറ്റിൻകര പൊലീസിൽ ആദിത്യൻ ഹാജരായെങ്കിലും പരാതിപ്പെട്ടവർ എത്തിയില്ല. ഇതിന് ശേഷമാണ് ജിബിൻ കാര്യങ്ങൾ പറഞ്ഞുതീർക്കാമെന്ന് ആദിത്യനെ ഫോൺ വിളിച്ചറിയിച്ചത്. ജിബിനെ കാണാൻ ബൈക്കിലെത്തുമ്പോഴാണ് കൊടങ്ങാവിളവെച്ച് അക്രമിസംഘം മർദ്ദിച്ചും കുത്തിയും ആദിത്യനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികളുമായി പൊലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *