Your Image Description Your Image Description
Your Image Alt Text

ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ഒരാഴ്ചക്കാലമാണ് ക്രിസ്ത്യാനികൾ വിശുദ്ധ വാരമായി ആചരിക്കുന്നത്. ഓശാന ഞായർ, പെസഹ വ്യാഴം, ദുഃഖവെള്ളി, വലിയ ശനി എന്നിവ അടങ്ങുന്നതാണ് വിശുദ്ധ വാരം. അമ്പതു നോമ്പാചരണത്തിന്റെ ഏറ്റവും ധന്യമായ ദിവസങ്ങളാണിത്. ഈ വർഷം, ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹം വിശുദ്ധവാരം മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 31 ഞായർ വരെ ആചരിക്കുന്നു.

മാർച്ച് 24: ഓശാന ഞായര്‍

യേശു അവസാനമായി ജറുസലേമിൽ എത്തിയതിനെ അനുസ്മരിക്കുന്ന ഓശാന ഞായറാഴ്ചയോടെ വിശുദ്ധവാരം ആരംഭിക്കുന്നു. തന്റെ കഴുതപ്പുറത്ത് ജറുസലെമിലേക്ക് വന്ന യേശുവിനെ സൈത്തിൻ കൊമ്പുകളും ഒലീവിലകളുമായി ജനങ്ങൾ ഓശാനപാടി വരവേറ്റുവെന്നാണ് വിശ്വാസം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കുന്നു.

മാർച്ച് 25: വിശുദ്ധ തിങ്കൾ, ചൊവ്വ

ഓശാന ഞായറാഴ്‌ച കഴിഞ്ഞുള്ള വിശുദ്ധവാരത്തിന്റെ രണ്ടാം ദിവസമാണ് വിശുദ്ധ തിങ്കളാഴ്ച. വലിയ തിങ്കളാഴ്ച എന്നും ഇത് അറിയപ്പെടുന്നു. തിങ്കളാഴ്ചയും അടുത്ത ചൊവ്വാഴ്ചയും ജറുസലേമിൽ പഠിപ്പിക്കുകയും മാതാധികാരികളുമായി സംസാരിക്കുകയും ചെയ്തുകൊണ്ട് യേശു ദിവസം ചിലവഴിച്ചതായി ബൈബിൾ പറയുന്നു. യേശുക്രിസ്തു ജറുസലേമിലെ പ്രാർത്ഥനാസ്ഥലം ശുദ്ധീകരിച്ച ദിവസമെന്ന നിലയിൽ വിശുദ്ധ തിങ്കളാഴ്ചയ്ക്ക് ക്രിസ്ത്യൻ പാരമ്പര്യത്തിൽ വളരെ പ്രാധാന്യമുണ്ട്.

മാർച്ച് 27: വിശുദ്ധ ബുധനാഴ്ച

ഈ ദിവസത്തെ ‘ചാര ബുധൻ’ എന്നും വിളിക്കാറുണ്ട്. യേശുവിന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്ത മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കാൻ മഹാപുരോഹിതരുമായി ഗൂഢാലോചന നടത്തിയ ദിവസമാണിത്.

മാർച്ച് 28: പെസഹാ വ്യാഴം

കുരിശുമരണം വരിക്കുന്നതിന് മുമ്പായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുമ്പായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും നടത്തുന്നു. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്.

മാർച്ച് 29: ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓര്‍മ്മപുതുക്കലിനായി ദേവാലയങ്ങളുടെയും ക്രിസ്തീയ സംഘടനകളുടെയും നേതൃത്വത്തില്‍ ഈ ദിവസം കുരിശിന്‍റെ വഴി സംഘടിപ്പിക്കുന്നു.

മാർച്ച് 30: ദുഃഖ ശനി

യേശുവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയാഴ്ചയ്ക്കും ഉയിർത്തെഴുന്നേറ്റ ഈസ്റ്റർ ഞായറിനുമിടയിലാണ് വിശുദ്ധ ശനിയാഴ്ച വരുന്നത്. യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് ഈ ദിവസം അനുസ്മരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേകമായി ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടാകില്ല. അന്നേ ദിവസം കുർബ്ബാനയും ഉണ്ടായിരിക്കില്ല. അൾത്താര ദുഃഖ വെള്ളിയാഴ്ചയിൽ എന്ന പോലെ ശൂന്യമായിരിക്കും.

മാർച്ച് 31: ഈസ്റ്റർ ഞായർ

ക്രിസ്ത്യൻ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് യേശുവിന്റെ ഉയർത്തെഴുന്നേൽപിനെ അനുസ്മരിക്കുന്ന ഈസ്റ്റർ ഞായർ. യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *