Your Image Description Your Image Description
Your Image Alt Text

ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു…” എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചുകൊണ്ട് യേശു കുരിശില്‍ മരിച്ചു.

കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മാചരണമാണ് ദുഃഖ വെള്ളി. ഇംഗ്ലീഷില്‍ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ ഈശോ നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളി തന്നെയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം ആളുകൾ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു. കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ ഓരോരുത്തരും ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവ ഓരോന്നും.

”പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ…(ലൂക്കാ 23: 34)

” സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു. നീ ഇന്ന് എന്റെ കൂടെ പറുദീസയിലായിരിക്കും. (ലൂക്കാ 23: 43)

”സ്ത്രീയെ, ഇതാ നിന്റെ മകന്‍ (യോഹന്നാന്‍ 19: 27)

”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത്. (മത്തായി 27: 46)

”എനിക്കു ദാഹിക്കുന്നു (യോഹന്നാന്‍ 19: 28)

”എല്ലാം പൂര്‍ത്തിയായി (യോഹന്നാന്‍ 19: 30)

”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്ക 23:46)

Leave a Reply

Your email address will not be published. Required fields are marked *