Your Image Description Your Image Description
Your Image Alt Text

 

കിംഗ്സ്റ്റൺ: ദുബായിൽ നിന്ന് 250ലേറെ യാത്രക്കാരുമായി എത്തിയ ചാർട്ടേഡ് വിമാനം തിരിച്ചയച്ച് ജമൈക്ക. ഇന്ത്യക്കാർ അടക്കമുള്ള യാത്രക്കാരുള്ള ചാർട്ടേഡ് വിമാനമാണ് ജമൈക്കൻ തലസ്ഥാനമായ കിംഗ്സ്റ്റണിൽ നിന്ന് തിരികെ അയച്ചത്. യാത്രക്കാരുടെ രേഖകളിലുള്ള അതൃപ്തിക്ക് പിന്നാലെയാണ് തീരുമാനം. യാത്രക്കാരിൽ ഗുജറാത്തിൽ നിന്നുള്ള 75 പേരടക്കം ഇന്ത്യക്കാരുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെയ് മാസം 7നാണ് വിമാനം കിംഗ്സ്റ്റണിൽ നിന്ന് ദുബായിലേക്ക് തിരിച്ചയച്ചത്. ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത ചാർട്ടേഡ് വിമാനത്തിലെ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ മെയ് 2നാണ് കിംഗ്സ്റ്റണിലെത്തിയത്. ഹോട്ടലുകൾ അടക്കമുള്ളവ ബുക്ക് ചെയ്തവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ വിനോദ സഞ്ചാരികളെന്നതിനെ സാധൂകരിക്കുന്ന രേഖകളുടെ അഭാവമാണ് വിമാനം തിരികെ അയയ്ക്കാൻ കാരണമെന്നാണ് ജമൈക്കൻ വക്താവ് വിശദമാക്കുന്നത്.

വിമാനവും അതിലെ യാത്രക്കാരെയും അവർ വന്ന സ്ഥലത്തേക്ക് തന്നെയാണ് തിരികെ അയച്ചിട്ടുള്ളതെന്നും ജമൈക്കൻ വക്താവ് വിശദമാക്കി. സുരക്ഷാ കാരണം ചൂണ്ടിക്കാണിച്ച് എമിഗ്രേഷനിലൂടെ രാജ്യത്തേക്ക് എത്താൻ യാത്രക്കാർ വിസമ്മതിച്ചതാണ് അധികൃതർക്ക് സംശയമുണ്ടാക്കിയത്. 253 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവം പരിശോധിക്കുന്നതായാണ് ഗുജറാത്ത് സിഐഡി വിഭാഗം വിശദമാക്കുന്നത്. പഞ്ചാബിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നതായാണ് സംശയിക്കുന്നത്.

അനധികൃതമായി മെക്സിക്കോ അതിർത്തിയിലൂടെ അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമമാണോ നടന്നതെന്ന സംശയത്തിലാണ് അധികൃതരുള്ളത്. കഴിഞ്ഞ ഡിസംബറിൽ ഫ്രാൻസിൽ ഇന്ത്യക്കാരുള്ള വിമാനം മനുഷ്യക്കടത്ത് സംശയത്തേ തുടർന്ന് നിലത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *