Your Image Description Your Image Description
Your Image Alt Text

 

ബെംഗലൂരു: ഐപിഎല്ലില്‍ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന് ക്രൂര മർദ്ദനം. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന്‍റെ ആദ്യ ഹോം മത്സരത്തിനിടെ ആയിരുന്നു സംഭവം. ആരാധകനെ പിടിച്ചുകൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകൻ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിന് മധ്യത്തിലെത്തി കോലിയുടെ കാല്‍ക്കല്‍ വീഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് തള്ളി മാറ്റിയാണ് ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്.

പിന്നീട് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് പിന്നിലെത്തിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും കൂടി നിന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോലീസുകാരടക്കം നോക്കി നില്‍ക്കെയാണ് കറുത്ത വസ്ത്രം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാലെ കുനിച്ചു നിര്‍ത്തി തലയിലും മുതുകത്തും ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് ഒരു ഒഫീഷ്യലെത്തി മര്‍ദ്ദിക്കുന്നവരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

സാധാരണഗതിയില്‍ ഇത്തരത്തില്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്ന ആരാധകരെ സ്റ്റേഡിയത്തിന് പുറത്താക്കുകയും ഇവര്‍ക്കെതരെ കേസെടുക്കുകയും ചെയ്യുകയാണ് പതിവ്. പിന്നീട് ഇവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്താറുണ്ട്. കളിക്കാര്‍ തന്നെ ഇത്തരത്തില്‍ ഗ്രൗണ്ടിലറങ്ങുന്ന ആരാധകരെ പിടിച്ചുമാറ്റുന്ന സുരക്ഷാ ജീവനക്കാരോട് അവരെ മര്‍ദ്ദിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് ആരും പിന്നീട് അറിയാറില്ല.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആര്‍സിബി നാലു വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു. 49 പന്തില്‍ 76 റണ്‍സടിച്ച വിരാട് കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 49 പന്തില്‍ 76 റണ്‍സടിച്ചാണ് പുറത്തായത്. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി നാലു പന്ത് ബാക്കി നിര്‍ത്തിയാണ് നാലു വിക്കറ്റ് വിജയം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *