Your Image Description Your Image Description
Your Image Alt Text

അവശേഷിച്ച നാല് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ, പാർലമെന്റ് തിരഞ്ഞെടുപ്പിലെ മത്സര ചിത്രം പൂർണമായി . പുത്തൻ തന്ത്രങ്ങളുമായി മൂന്ന് മുന്നണികളുടെയും കാടിളക്കിയുള്ള പ്രചാരണമാണ് ഇനി കാണാൻ പോകുന്നത് .

സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 30 ദിവസം മാത്രമേയുള്ളു . എതിരാളികളെ വെല്ലാൻ പതിനെട്ടടവും, പൂഴിക്കടകനും പ്രയോഗിക്കുമെന്നുറപ്പ്. 28 ആം തീയതി മുതലാണ് നോമിനേഷൻ സ്വീകരിക്കുന്നത് . മുന്നണികളുടെ പ്രചാരണ തന്ത്രങ്ങൾക്കും, ആക്രമണങ്ങൾക്കും അതോടെ മൂർച്ഛ കൂടും.

സ്ഥാനാർത്ഥികളുടെ മണ്ഡലം പര്യടനങ്ങൾക്കും തുടക്കമാവും. കൂടുതൽ ദേശീയ നേതാക്കളും പ്രചാരണത്തനെത്തുന്നതോടെ, വേനൽച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടിൽ കേരളമുരുകും.
പോളിറ്റ്ബ്യുറോ അംഗവും ഒരു മന്ത്രിയുമുൾപ്പെടെ 20 സ്ഥാനാർത്ഥികളെയും ഏതാണ്ട് ഒരു മാസം മുമ്പ് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽ.ഡി.എഫ് മൂന്ന് റൗണ്ട് പ്രചാരണം പിന്നിട്ടു.

മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കി. പ്രദേശികതല യോഗങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലാണ് മുഖ്യ പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണ പര്യടനം 30ന് തിരുവനന്തപുരത്ത് തുടങ്ങും. 20 മണ്ഡലങ്ങളിലായി 60 പൊതു യോഗങ്ങളിൽ സംസാരിക്കും. പര്യടനം ഏപ്രിൽ 22ന് കണ്ണൂരിൽ സമാപിക്കും.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളും വിവിധ ദിവസങ്ങളിലെത്തും .

സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാൽ തുടക്കത്തിൽ യു.ഡി.എഫ് മുടന്തി നീങ്ങിയെങ്കിലും, ഭൂരിഭാഗം മണ്ഡലങ്ങളിലെയും സിറ്റിംഗ് എം.പിമാർ സജീവമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, പ്രചാരണത്തിൽ രണ്ട് റൗണ്ട് പിന്നിട്ട് മണ്ഡലം കൺവെൻഷനുകളും ഏതാണ്ട് പൂർത്തിയാക്കിയ യു.ഡി.എഫിൽ രാഹുൽ വീണ്ടുമെത്തുന്നത് ആവേശം നിറയ്ക്കുന്നു.

ഇനിയുള്ള പ്രചാരണം കൊഴുപ്പിക്കുന്നതിൽ മുഖ്യ വെല്ലുവിളി സാമ്പത്തികമാണ്. എ.ഐ.സി.സിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ട് വിഹിതം ലഭിക്കുമോ എന്നതിലാണ് ആശങ്ക. രാഹുൽ വയനാട്ടിൽ പത്രിക നൽകാൻ അടുത്തയാഴ്ച ആദ്യം എത്തും. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കളും പ്രചാരണത്തിനായി പിന്നാലെ എത്തും.

രണ്ട് കേന്ദ്ര മന്ത്രിമാരെ ഇറക്കിയും, വാഗ്ദാനങ്ങൾ നൽകിയും പ്രചാരണം കൊഴുപ്പിക്കുന്ന എൻ.ഡി.എ, കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പരിശ്രമത്തിലാണ്. വൈകിയാണെങ്കിലും രാഹുലിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഇറക്കിയത് മത്സരം കടുപ്പിക്കാനാണ് .

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കൂടി പര്യടനത്തിനെത്തും. അമിത് ഷാ,രാജ്നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കളുമെത്തും. അക്കൗണ്ട് തുറന്നില്ലെങ്കിലും രണ്ടാം സ്ഥാനത്തെങ്കിലും വന്നില്ലെങ്കിൽ പൂർണ്ണ പരാജയമായിരിക്കും . രണ്ടാം സ്ഥാനത്ത് വരാനാണ് അവർ മത്സരിക്കുന്നത് . എങ്ങും രണ്ടാമതെത്തിയില്ലെങ്കിൽ കോൺഗ്രസ്സുകാരുടെ കച്ചവടം പൊടിപിടിക്കും .

Leave a Reply

Your email address will not be published. Required fields are marked *