Your Image Description Your Image Description
Your Image Alt Text

കേരളത്തിലെ ബിജെപിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു . സ്ഥാനാർഥി ലിസ്‌റ്റിൽ 25 ശതമാനവും മുൻ യുഡിഎഫ്‌ നേതാക്കളാണ് . പത്തനംതിട്ട, എറണാകുളം, കണ്ണൂർ, മാവേലിക്കര മണ്ഡലങ്ങളിൽ മുൻ കോൺഗ്രസ്‌ നേതാക്കളും മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ നേതാവുമാണ്‌ എൻഡിഎ മുന്നണിയിൽ മത്സരിക്കുന്നത്‌.

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ്‌ ബിജെപി പട്ടികയിലെ പ്രധാന കോൺഗ്രസ്‌ സംഭാവന. കണ്ണൂരിൽ മത്സരിക്കുന്ന സി രഘുനാഥ്‌ മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ്‌. കെ സുധാകരന്റെ വിശ്വസ്‌തനായ രഘുനാഥ്‌ നിയമസഭയിൽ ധർമടത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു.

മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണന്ന് മാത്രമല്ല കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്നു . മലപ്പുറത്തെ സ്ഥാനാർഥി ഡോ. എം അബ്ദുൾ സലാം മുസ്ലിംലീഗിന്റെ സംഭാവനയാണ് .

എറണാകുളത്തെ സ്ഥാനാർഥി ഡോ. കെ എസ്‌ രാധാകൃഷ്‌ണൻ ഏറെക്കാലം കോൺഗ്രസിന്റെ സ്വന്തം മാഷായിരുന്നു. എ കെ ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രിയങ്കരൻ. അപ്രതീക്ഷിത’ സ്ഥാനാർഥിക്കുവേണ്ടി ബിജെപി ഒഴിച്ചിട്ട എറണാകുളം സീറ്റിൽ പ്രഖ്യാപനം വന്നപ്പോഴാണ് സ്ഥാനാർഥി പഴയമുഖമെന്നറിയുന്നത്.

മാത്രമല്ല പഴയ കോൺഗ്രസുകാരനും. പത്മജയ്‌ക്കു പിന്നാലെ കോൺഗ്രസിൽനിന്ന്‌ എറണാകുളത്തെ വനിതാനേതാവിനെ കൊണ്ടുവന്ന്‌ സ്ഥാനാർഥിയാക്കാൻ നടത്തിയ നീക്കം നീണ്ടുപോയപ്പോഴാണ്‌ ആറുകൊല്ലം മുമ്പേ ബിജെപിക്കൊപ്പമായ കെ എസ്‌ രാധാകൃഷ്‌ണനെ സ്ഥാനാർഥിയാക്കിയത്‌.

കഴിഞ്ഞ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച രാധാകൃഷ്‌ണന്‌ എറണാകുളത്ത്‌ ഇത്‌ ആദ്യമത്സരമാണ്‌. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. മഹാരാജാസ്‌ അധ്യാപകനായിരിക്കെതന്നെ അദ്ദേഹം കോൺഗ്രസ്‌ ക്യാമ്പുകളിൽ സ്ഥിരമായി ക്ലാസെടുത്തിരുന്നു.

കോൺഗ്രസ്‌ സർക്കാരുകളുടെ കാലത്ത്‌ സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസലർ, പിഎസ്‌സി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ നേടിയെടുത്തു. സംസ്ഥാനത്തും ഇനി കോൺഗ്രസിന്‌ തിരിച്ചുവരവില്ല എന്ന്‌ ഉറപ്പായപ്പോൾ പുതിയ ലാവണങ്ങൾ തേടി ബിജെപിയിലേക്ക്‌ ചാടുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ആലപ്പുഴയിൽ മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ മത്സരിച്ചപ്പോഴും ബിജെപിയുടെ പതിവ്‌ വോട്ടുകൾപോലും നേടാൻ കഴിയാഞ്ഞത്‌ ചർച്ചയായി. തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ലഭിച്ചതിനേക്കാൾ പതിനായിരത്തോളം വോട്ട് ചോർന്നു .

അവിടെ യുഡിഎഫ് സ്ഥാനാർഥി ജയിച്ചതാകട്ടെ വെറും 992 വോട്ടിന്റെ ഭൂരിപക്ഷത്തിലും. വോട്ട്‌ ചോർച്ചയെക്കുറിച്ച്‌ അന്വേഷിക്കാൻ രാധാകൃഷ്ണൻതന്നെ പാർടിക്ക്‌ പരാതിയും നൽകിയിരുന്നു.
ബിജെപിയിലേക്ക്‌ മറ്റു പാർടികളിൽനിന്ന്‌ വരുന്നവർക്ക്‌ അംഗീകാരം നൽകുമ്പോൾ, തങ്ങൾക്കു പരിഗണന കിട്ടുന്നില്ലെന്ന്‌ പാർടി പ്രവർത്തകർക്ക്‌ പരാതിയുണ്ടെന്ന്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതിനുപിന്നാലെയാണ്‌ രാധാകൃഷ്‌ണന്‌ വീണ്ടും സ്ഥാനാർഥിത്വം നൽകിയത് . ബിജെപിക്കാർ സംവിധായകൻ കൂടിയായ നേതാവിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ഇത്രയൊക്കെ പോരെ യു ഡി എഫിന്റെ സംഭാവന ? ഇത് മറ്റൊരു ത്രിപുരയാക്കാനുള്ള മോദിയുടെ വാഗ്ദാനത്തിന്റെ ആദ്യപടിയാണ് . മോഡി ഒരിക്കൽ പറഞ്ഞത് കേരളം അടുത്ത ത്രിപുരയാണെന്നാണ് . ത്രിപുരയിൽ സംഭവിച്ചത് , ആദ്യം പത്ത് കോൺഗ്രസ്സ് എം എൽ എ മാരെ ബിജെപി വിലക്ക് വാങ്ങി .

പിന്നീടങ്ങോട്ട് നല്ലക്കച്ചവടമായിരുന്നു , ഒടുവിൽ ഭരണം പിടിച്ചു . അതായത് അവിടുത്തെ കോൺഗ്രസ്സ് മൊത്തമായും ചില്ലറയായും ബിജെപിയായി . പിന്നെന്തുവേണം ? അതുപോലെയാണ് ഇവിടെയും നടത്തിക്കൊണ്ടിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *