Your Image Description Your Image Description

പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതിനു ശേഷവും കേ‌ജ്‌രിവാളിനെ വേട്ടയാടാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ കാട്ടിയ ഈ അത്യുത്സാഹം സാധാരണക്കാരെപ്പോലും അമ്പരപ്പിച്ചു . ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ‘കുഞ്ഞൻ’ പാർട്ടിയായ ‘ആപി’നെ ഈ വിധം ചവിട്ടി കൂമ്പൊടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ദീർഘകാല ലക്ഷ്യം മനസ്സിലാക്കിയാലേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടൂ.

രാജ്യതലസ്ഥാനമായ ഡൽഹിയും അയൽസംസ്ഥാനമായ പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടി ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണംനടത്തുന്ന ഒരേയൊരു കക്ഷിയാണ്. അതിനു പുറമേ ഗുജറാത്തിലും ഗോവയിലും സാന്നിധ്യമറിയിച്ചിട്ടുള്ള എഎപിയെ ഇന്ത്യയിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പാർട്ടി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

മമത ബാനർജിയും ഇടതുപാർട്ടികളും ഹിന്ദി മേഖലയിലെ യാദവ സോഷ്യലിസ്റ്റുകളുമെല്ലാം ഒരൊറ്റ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിൽക്കുന്നു. അഥവാ, അടിത്തറ വിപുലമാക്കി ദേശീയ പാർട്ടിയായി വളരണമെന്ന ഇവരുടെ മോഹം സഫലമായില്ല.

പക്ഷേ, എഎപിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉത്തരേന്ത്യയിലെ സാധാരണക്കാർക്കിടയിൽ അതിവേഗം സ്വീകാര്യത നേടി. പതിറ്റാണ്ടുകളായി രാഷ്ട്രീയക്കാരുടെയും അവരുടെ ശിങ്കിടികളുടെയും അഴിമതിയും കൊള്ളരുതായ്മകളും കണ്ടു , പൊറുതിമുട്ടിയ സാധാരണക്കാർ, വള്ളിച്ചെരിപ്പിട്ട് മഫ്ളർ കഴുത്തിൽ ചുറ്റി, വാഗണാർ സ്വയം ഓടിച്ചുവന്ന മനുഷ്യനെ ഗാന്ധിജിയുടെ മാതൃകയിലുള്ള പൊതുപ്രവർത്തകനായി കണ്ടു.

അദ്ദേഹം പറയുന്നത് സത്യമാണെന്ന് അവർ വിശ്വസിച്ചു. അതോടെ, എഎപി രൂപീകരിക്കും മുൻപ് അന്നാ ഹസാരെയെപ്പോലുള്ളവരുടെ കൂടെ നിന്നു നടത്തിയ അഴിമതി വിരുദ്ധ സമരങ്ങളുടെ പൈതൃകവും അദ്ദേഹത്തിനു കൈവന്നു.

നരേന്ദ്ര മോക്കെതിരെ പത്തു വർഷം മുമ്പ് വാരണാസിയിൽ മത്സരിച്ച കേജ്‌രിവാൾ,​ അന്ന് കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും ബി.എസ്.പിയെയും പിന്നിലാക്കി രണ്ടു ലക്ഷം വോട്ട് നേടിയപ്പോഴേ ഈ ദീർഘകാല ശത്രുവിനെ ബി.ജെ.പിയും മോദിയും തിരിച്ചറിഞ്ഞതാണ്…

ബി.ജെ.പിയും നരേന്ദ്രമോദിയും പത്തുവർഷം മുമ്പേ ഓങ്ങിവച്ചതാണ്,​ കേജ്‌രിവാളിന് ഒരു പണികൊടുക്കാൻ! 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മോദിയുടെ മുഖ്യ എതിരാളിയായി പേരെടുത്തപ്പോളേ ബി.ജെ.പി ആളെ നോട്ടമിട്ടിരുന്നു.

കേന്ദ്രത്തിൽ ബി.ജെ.പി കയറിയതിനു പിന്നാലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കേജ്‌രിവാൾ അധികാരത്തുടർച്ച നേടി നാണംകെടുത്തിയപ്പോൾ അരിശമേറി. എന്നാൽ മറ്റു പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ പ്രയോഗിച്ച രാഷ്‌ട്രീയ നീക്കങ്ങളിൽ നിന്നൊക്കെ വഴുതിമാറിയ കേജ്‌രിവാൾ ജനകീയനായി ഡൽഹിയിൽ തങ്ങളുടെ മൂക്കിനു താഴെ വളർന്നു വലുതാകുന്നത് കണ്ടുനിൽക്കാനേ ബി.ജെ.പിക്കു കഴിഞ്ഞുള്ളൂ.

പത്തു വർഷം മുമ്പ് ബി.ജെ.പി തുടക്കമിട്ട കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം ഏതാണ്ട് വിജയം കാണുന്നുണ്ടെങ്കിലും,​ പ്രതിപക്ഷത്തിന് ഒരു ബദൽ ശക്തിയായി കയറിവരുന്ന ആംആദ്‌മി പാർട്ടി എന്ന ഭീഷണിയെ ഭയത്തോടെയാണ് ബിജെപി കാണുന്നത്.

തൃണമൂൽ പശ്ചിമബംഗാളിലും,​ ഡി.എം.കെ തമിഴ്‌‌നാട്ടിലും,​ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിലുമൊക്കെ ഒതുങ്ങിയപ്പോൾ ബീഹാറിലെ ഭീഷണിയായ ജെ.ഡി.യുവിനെ പോക്കറ്റിലാക്കി! ആംആദ്‌മി പാർട്ടി അവരുടെ തട്ടകമായ ഡൽഹിക്കു പുറത്തേക്ക് വ്യാപിക്കുന്നു.

2019-ൽ വൻ ഭൂരിപക്ഷത്തിൽ മോദി സർക്കാർ അധികാരത്തുടർച്ച നേടിയപ്പോൾ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റും നിലനിറുത്തിയിരുന്നു. തൊട്ടടുത്ത വർഷം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗത്തിൽ ആംആദ്‌മി പാർട്ടി സർക്കാർ പുറത്താകുമെന്നും,​ 21വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കാമെന്നും കരുതിയപ്പോളും കേജ്‌രിവാൾ കണക്കുകൂട്ടൽ തെറ്റിച്ച് തിരിച്ചുവന്നു.

ഇതിന്റെ തുർച്ചയായിരുന്നു 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസ് സർക്കാരിനെ വീഴ്‌‌ത്തി, ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും അരികിലാക്കി , ആംആദ്‌മി പാർട്ടി ചരിത്രം കുറിച്ച് ഭരണം പിടിച്ചു.

ആ വർഷം ഡിസംബറിൽ നടന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതിനഞ്ചു വർഷം നീണ്ട ഭരണം അവസാനിപ്പിച്ച ആംആദ്മി പാർട്ടിയുടെ കുതിപ്പ്,​ കോൺഗ്രസിന് ബദലായി വളരുന്നതിന്റെ സൂചനയായി. ഇതിനു പിന്നാലെയാണ് ആം ആദ്മി പാർട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് ദേശീയ പാർട്ടിയായി അംഗീകാരം സ്വന്തമാക്കിയത്.

ആംആദ്‌മി പാർട്ടിയും അരവിന്ദ് കേജ്‌രിവാളും ബി.ജെ.പിക്ക് ദേശീയ എതിരാളിയായെന്ന വിലയിരുത്തലിന് അതു വഴിതെളിച്ചു. ബി.ജെ.പിയുടെ സ്വത്വമായ ഹിന്ദുത്വ അജണ്ടയും ചിലപ്പോഴൊക്കെ ആംആദ്‌മി പാർട്ടി എടുത്ത് പ്രയോഗിക്കാറുണ്ട്. തിരഞ്ഞെടുപ്പ് റാലികളിലും മറ്റും ഹനുമാൻ സ്‌തോത്രങ്ങൾ പാടി സ്വയം ഹിന്ദുവായി വിശേഷിപ്പിച്ച് കേജ്‌രിവാൾ മറുതന്ത്രം പയറ്റി.

രാഷ്‌ട്രീയ കസർത്തുകളുടെ ഭാരമില്ലാതെ ജനങ്ങളുടെ ഹൃദയം കവർന്ന അരവിന്ദ് കേജ്‌രിവാളിനോട് ഹിന്ദുത്വ അജണ്ടയും മോദി പ്രഭാവവും ഉൾപ്പെടുന്ന പതിവു രാഷ്‌ട്രീയ ആയുധങ്ങളുമായി മല്ലിടാനാകില്ലെന്ന് മനസിലാക്കിയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും വേറെ വഴി ആലോചിച്ചത്.

2006-ൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഗ്‌സസെ അവാർഡ് ലഭിച്ച കേജ്‌രിവാളിനെയും ലോക്‌പാൽ സമരത്തിലൂടെ അഴിമതിവിരുദ്ധ സന്ദേശമുയർത്തി രൂപീകരിച്ച പാർട്ടിയെയും അതേ നാണയത്തിൽ വീഴ്‌ത്താൻ അവർ കരുക്കൾ നീക്കി. കേജ‌്‌രിവാളിന് പൂർണ നിയന്ത്രണമുള്ള പാർട്ടിയുടെ കടയ്‌ക്കൽത്തന്നെ കത്തിവയ്‌ക്കാൻ പറ്റിയ ആയുധം അവർക്ക് കിട്ടുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *