Your Image Description Your Image Description

ബംഗലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി എംഎല്‍എ. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്‌നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബംഗലൂരുവില്‍ 10,000 കിടക്കകള്‍ വാടകയ്‌ക്കെടുത്തു.

രോഗികള്‍ക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്നല്‍ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറുമായി ചേര്‍ന്നും യെഡിയൂരപ്പ അഴിമതി നടത്തിയതായി യത്‌നല്‍ ആരോപിച്ചു.

വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു. നേരത്തെ യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതിനെ യത്‌നല്‍ വിമര്‍ശിച്ചിരുന്നു. യെഡിയൂരപ്പ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് മകന് പദവി തരപ്പെടുത്തിയതെന്നായിരുന്നു ആരോപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്ക് താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ബസനഗൗഡ പാട്ടീല്‍.

Leave a Reply

Your email address will not be published. Required fields are marked *