Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്ന കാര്യത്തിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയിട്ടും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചത്. സംഭവം വിവാദമായതോടെ റിപ്പോർട്ട് തിരക്കിട്ട് കൈമാറാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം.

സിദ്ധാർഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ആരംഭിക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം വെളിപ്പെടുത്തിയിരുന്നു. ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്ര സർക്കാരിന് അയച്ചില്ലെന്നായിരുന്നു സിദ്ധാർഥന്റെ പിതാവിന്റെ ആരോപണം. നീതി കിട്ടുമോ എന്നു സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പിന്നീട് ഇക്കാര്യത്തിൽ സഹായം തേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ പിതാവ് ടി. ജയപ്രകാശ് സന്ദർശിച്ചു. ഇതുവരെ സംസ്ഥാന സർക്കാരിൽനിന്നു സിബിഐക്കു ഫയൽ പോയിട്ടില്ലെന്നു പിതാവു പരാതിപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേസ് കൈമാറുമെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫർ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിനു മുൻപു വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് എന്തിനാണെന്നും മന്ത്രി രാജീവ് ചോദിച്ചു.

അതേസമയം, കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണു വിവരം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറാണ് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *