Your Image Description Your Image Description

തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കുരുത്തോലയും പിടിച്ചു വിശ്വാസികളോടൊപ്പം പ്രദിക്ഷണത്തിൽ പങ്കെടുക്കുന്നത് കണ്ടു .

രാവിലെ തന്നെ പള്ളിയിലെത്തിയ സുരേഷ് ഗോപി കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് കുശലാന്വേഷണം നടത്തുകയും ഞാൻ നിങ്ങളിൽ ഒരാളാണെന്നും , ഈ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നയാളാണെന്നും , വിശ്വസിക്കുന്ന ആളാണെന്നും ,നിങ്ങളെല്ലാവരും എനിക്ക് വോട്ടുചെയ്യണമെന്നും പറയാതെ പറഞ്ഞു കൊണ്ട് വിശ്വാസികളോട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.

സുരേഷ് ഗോപി നല്ല നടനാണെന്ന് നമുക്കറിയാം , അഭിനയിക്കാൻ കൃത്യമായി പുള്ളിയെ ആരും പഠിപ്പിക്കേണ്ട , ഡ്യൂപ്പില്ലാതെ അദ്ദേഹം ഏത് റോളും അഭിനയിക്കും .

ഇന്നലത്തെ ദിവസത്തെ പ്രത്യേകത അറിഞ്ഞിട്ടാണോ താങ്കൾ ഈ ചടങ്ങിലൊക്കെ പങ്കെടുത്തത് ?
വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചാണ് ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ ഓശാന ഞായർ ആചരിച്ചത് .

കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലെമിലേക്ക് വന്ന യേശുവിനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്. ഇത് ഒരുപക്ഷെ ഗൂഗിളിലൊക്കെ തപ്പിനോക്കിയാൽ അറിയാൻ സാധിക്കും , അങ്ങനെയൊക്കെ അറിഞ്ഞു കാണുമായിരിക്കും .

അങ്ങനെയാണെങ്കിൽ ഇപ്പോൾ സ്ഥാനാർത്ഥി ആയതുകൊണ്ടല്ലേ ഇതിൽ പങ്കെടുത്തത് ? കഴിഞ്ഞ തവണത്തെ ഓശാന ഞായറാഴ്ചയും അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു , ലോകത്ത് എവിടെയാണെങ്കിലും ഇന്നലെ പള്ളികളിൽ ഓശാനയായിരുന്നു , ഒരിടത്തും പങ്കെടുത്തതായി ഒരു മാധ്യമങ്ങളിലും കണ്ടില്ല . അപ്പോൾ ക്രൈസ്തവരുടെ കണ്ണിൽ പൊടിയിടുകയായിരുന്നു .

അതുപോലെ എന്റെ സുഹൃത്ത് ബിനു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വളരെ ശ്രദ്ദേയമായ ഒരു കുറിപ്പ് കണ്ടിരുന്നു . അതിൽ ചില ചോദ്യങ്ങളുണ്ട് . ക്രിസ്ത്യാനികളെ വംശീയോന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തകനും തൃശൂർ ലോക് സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥിയുമായ സുരേഷ് ഗോപി കുരുത്തോലയുമേന്തി ഓശാന ഞായർ ആഘോഷിക്കുന്നത് കണ്ടു ….

കുരുത്തോലയും പിടിച്ച് നടക്കുന്ന സുരേഷ് ഗോപിയെ കണ്ടപ്പോൾ അയാളോട് ചില കാര്യങ്ങൾ ചോദിക്കണമെന്ന് തോന്നി .. അതിവിടെ ചോദിക്കുകയാണന്നും പറഞ്ഞാണ് കുറിപ്പ് പങ്കുവച്ചത് ..

താങ്കൾ നിലകൊള്ളുന്ന പ്രസ്ഥാനം കാരണം അഥവാ സംഘപരിവാർ കാരണം ക്രിസ്ത്യാനികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് 2023 ഫെബ്രുവരിയിൽ ക്രൈസ്തവ സംഘടനകൾ അങ്ങ് ഡൽഹി ജന്തർ മന്ദിറിൽ അണി നിരന്നു കൊണ്ട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നത് സുരേഷ് ഗോപി അറിഞ്ഞിരുന്നോ …?

താങ്കൾ ഉൾപ്പെടുന്ന ഹിന്ദുത്വ വാദികൾക്കെതിരെ ക്രൈസ്തവർക്ക് ഗതികെട്ട് തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായതെന്തിനാണെന്ന് സുരേഷ് ഗോപിക്കറിയാമോ …?

ക്രിസ്ത്യാനികൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ ആയിരത്തിലധികം ആക്രമണങ്ങളാണ് നടന്നതെന്ന് ക്രൈസ്തവ സമൂഹം തെരുവിലിറങ്ങി വിളിച്ച് പറഞ്ഞത് സുരേഷ് ഗോപി കേട്ടിരുന്നോ … ?

2014 ൽ രാജ്യത്ത് മൊത്തമായി 127 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നപ്പോൾ 2022 ൽ ഉത്തർ പ്രദേശിൽ മാത്രം 187 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നതായി ക്രൈസ്തവ സംഘടനകൾ കണക്കുകൾ നിരത്തി വിളിച്ച് പറഞ്ഞത് സുരേഷ് ഗോപി കേട്ടിരുന്നോ …?

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിന് 5 തവണ മാത്രമേ ഡൽഹിയിൽ സമരം ചെയ്യേണ്ടി വന്നിട്ടുള്ളൂവെന്നും എന്നാൽ അന്നൊന്നും ഉന്നയിക്കാത്ത വിഷയങ്ങളുമായാണ് ഇപ്പോൾ വീണ്ടും സമരവുമായി തെരുവിലിറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നതെന്നും അതിന് കാരണം വലിയ രീതിയിലുള്ള വിദ്വേഷാക്രമണങ്ങൾ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് നേരിടേണ്ടി വരുന്നത് കൊണ്ടാണെന്നും ക്രൈസ്തവ സംഘടനകൾ വേദനയോടെ, ഭയത്തോടെ പറഞ്ഞത് സുരേഷ് ഗോപിക്കറിയാമോ … ?

ക്രൈസ്തവ സംഘടനകൾ പ്രക്ഷോഭത്തിലൂടെ അന്ന് മുന്നോട്ട് വച്ച
6 ആവശ്യങ്ങൾ എന്താണെന്ന് സുരേഷ് ഗോപിക്കോർമ്മയുണ്ടോ ?

1 ക്രിസ്ത്യൻ മത നേതാക്കൾക്കും വിശ്വാസികൾക്കും നേരേയുള്ള ശാരീരികവും വാക്കാലുമുള്ള ആക്രമണങ്ങൾ തടയുക …

2 ക്രിസ്ത്യൻ പള്ളികൾ തീവച്ച് നശിപ്പിക്കുന്നത് തടയുക

3 പ്രാർത്ഥനാ ശുശ്രൂഷകൾ തടസപ്പെടുത്തുകയും മതപരമായ ഒത്തു ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ..

4 നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനം നടത്തുന്നുവെന്ന തെറ്റായ ആരോപണത്തിനെതിരെ …

5 നിർബന്ധിതമായ രീതിയിൽ ഹിന്ദുമതത്തിലേക്കുള്ള ഘർ വാപ്പസി പരിവർത്തന ചടങ്ങുകൾക്കെതിരെ..

6 ആരാധനാലയങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതി നിഷേധിക്കലിനെതിരെ …

സമരം മാത്രമല്ല രാഷ്ട്രപതിക്കും, പ്രധാന മന്ത്രിക്കും, സംസ്ഥാന മുഖ്യമന്ത്രിമാർക്കും, ലോക് സഭ – രാജ്യസഭ എം പിമാർക്കും അന്ന് ക്രൈസ്തവ സംഘടനകൾ നിവേദനം നൽകിയിരുന്നു …..

വംശഹത്യ പ്രത്യയ ശാസ്ത്രം അഥവാ വിചാരധാര, ഉന്മൂലനം ചെയ്യപ്പെടേണ്ടവരിൽ രണ്ടാം പേരുകാരായി അടയാളപ്പെടുത്തിയിരിക്കുന്ന ക്രിസ്ത്യാനികൾ ജീവിക്കാൻ വേണ്ടി തെരുവിൽ പൊരുതിയത് ആർക്കെതിരെ എന്നറിയാമോ സുരേഷ് ഗോപിക്ക് …? സുരേഷ് ഗോപി ചവിട്ടി നിൽക്കുന്ന സംഘ പരിവാർ എന്ന ഭീകര പ്രസ്ഥാനത്തിനെതിരെ ….

“ഹിന്ദുത്വവാദികളുടെ ആവശ്യം ജനാധിപത്യരാജ്യത്ത് ജീവിച്ചിരിക്കെ അംഗീകരിക്കാന്‍ കഴിയില്ല”…
ഈയിടെ ഇങ്ങനൊരു പ്രസ്താവന നടത്തിയത് ആരെന്നറിയാമോ സുരേഷ് ഗോപിക്ക്?

ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തോലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സെക്രട്ടറി ഫാദര്‍ ടെലിസ് ഫെര്‍ണാണ്ടസാണ് ,

ഇത്തരത്തിലൊരു പ്രസ്താവന നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഭവം എന്താണെന്നറിയുമോ സുരേഷ് ഗോപിക്ക് .. ?

ഗുജറാത്തിലെ കത്തോലിക്ക സ്‌കൂളിലെ ക്ലാസ് മുറികളിലും ഓഫീസിലും
ഹിന്ദു ദൈവങ്ങളുടേയും ആചാര്യന്മാരുടേയും ചിത്രങ്ങള്‍ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്ഥാനത്തിന്റെ അഥവാ ഹിന്ദുത്വ വാദികളുടെ ആവശ്യം ..

ഹിന്ദുത്വ വാദികൾ സ്‌കൂളിലെത്തി സരസ്വതി , ഹനുമാന്‍ തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്ലാസ്മുറിയില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണി മുഴക്കി … രാവിലെ സ്‌കൂളിലെത്തിയ തീവ്രവാദികൾ ഭീഷണികൾക്കൊടുവിൽ വൈകുന്നേരമാണ് മടങ്ങിപ്പോയത് …

സ്‌കൂളിന് നേരെ അക്രമസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ച് സ്കൂൾ അധികൃതർ പൊലീസ് സംരക്ഷണം ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായി.

ഹിന്ദുത്വവാദികളുടെ ആവശ്യം ജനാധിപത്യരാജ്യത്ത് ജീവിച്ചിരിക്കെ അംഗീകരിക്കാന്‍ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമാണ് സ്കൂൾ അധികൃതർ നടത്തിയത് …..

സംഘപരിവാർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ അഴിച്ചു വിടുന്നതിനെ കുറിച്ച് സുരേഷ് ഗോപിക്ക് എന്താണഭിപ്രായം ……?

സ്വന്തം പ്രവർത്തകർ അഴിഞ്ഞാടുന്ന മണിപ്പൂരിനെ കുറിച്ച് സുരേഷ് ഗോപിക്കെന്താണഭിപ്രായം?

ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള താങ്കളുടെ പ്രസ്ഥാനക്കാരുടെ വെല്ലുവിളി ഓർത്തു കൊണ്ടാണോ സുരേഷ് ഗോപീ താങ്കളിന്നലെ കുരുത്തോലയും പിടിച്ച് നടന്നത് …?

കുരുത്തോല പിടിച്ചാൽ, മാതാവിന് കിരീടം നൽകിയാൽ, അരമനകൾ കയറിയിറങ്ങിയാൽ താങ്കളുടെ സഹപ്രവർത്തകർ ക്രിസ്ത്യാനികളോട് ചെയ്യുന്ന മഹാ ക്രൂരതകൾക്ക്‌ ന്യായീകരണമാകുമോ? ഇതിനൊക്കെ താങ്കൾക്ക് എന്ത് മറുപടിയാണുള്ളത് ? താങ്കളുടെ നാവിൽ നിന്നും കേൾക്കാൻ ആഗ്രഹമുണ്ട് .

അതുകൊണ്ട് താങ്കളുടെ അഭിനയമൊന്നും ഇത്തവണ വിലപ്പോകില്ല , അത് കഴിഞ്ഞയാഴ്ച്ച തൃശൂരിലെ മറ്റൊരു പള്ളിയിൽ ചെന്നപ്പോൾ വികാരി പറഞ്ഞിരുന്നില്ലേ ? അത് സോഷ്യൽ മീഡിയയിൽ തപ്പിയാൽ കാണാം .

Leave a Reply

Your email address will not be published. Required fields are marked *