Your Image Description Your Image Description

ചെന്നൈ: ചെന്നൈ എന്നൂരില്‍ വളനിര്‍മാണ ശാലയിലേക്കുള്ള പൈപ്പ് ലൈനില്‍നിന്ന് അമോണിയ ചോര്‍ന്നു. നിരവധി പേരെ അസ്വസ്ഥകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെപ്പേര്‍ക്ക് ശ്വാസതടസ്സവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു.

ഇന്നലെ രാത്രി 11.45ഓടെയാണ് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പ്രദേശത്ത് അമോണിയയുടെ രൂക്ഷ ഗന്ധം പരന്നതോടെ ഏതാനും പേര്‍ ബോധരഹിതരായി. ഒട്ടേറെപ്പേര്‍ക്കു ശ്വാസ തടസ്സമുണ്ടായി. നെഞ്ചെരിച്ചിലും കണ്ണു പുകയലും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വീടുകള്‍ക്കു പുറത്തേക്കു പാഞ്ഞു. കുട്ടികള്‍ അടക്കം 25 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ ചിന്ന കുപ്പം, പെരിയ കുപ്പം, നേതാജി നഗര്‍, ബര്‍മ നഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലും.

കടലിന് അടിയിലൂടെയുള്ള പൈപ്പ് ലൈനില്‍ ആണ് ചോര്‍ച്ചയുണ്ടായത്. കടലില്‍നിന്ന് അസ്വാഭാവികമായ ശബ്ദവും ചിലയിടത്ത് കുമിളകളും ഉണ്ടായതായി തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ കോറമന്‍ഡല്‍ ഇന്റര്‍നാഷനലിലേക്കുള്ള പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച അടച്ചതായും സാധാരണ നില പുനസ്ഥാപിച്ചതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അസ്വസ്ഥയുണ്ടായവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ സന്ദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *