Your Image Description Your Image Description
Your Image Alt Text

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്ന വയനാട്ടിൽ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷന്റെ വരവ്. രാഹുൽ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരാണെന്നും തന്റേത് സ്ഥിരം വീസയാണെന്നുമുള്ള ഒളിയമ്പുമായാണ് സുരേന്ദ്രന്റെ വയനാട്ടിലേക്കുള്ള പ്രവേശനം.

ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന ആലോചനയിൽനിന്നാണ് സുരേന്ദ്രന്റെ പേര് ഉയർന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചതും. വയനാട്ടിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തന്നെ സുരേന്ദ്രനെ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച് അറിയിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോൾ സുരേന്ദ്രന് അർഹമായ സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയുണ്ടായി. സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അർഹമായ സ്ഥാനം ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനം കൂടാതെ കേന്ദ്രമന്ത്രിസഭയിൽ അംഗത്വവും ഉൾപ്പെടെ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *