Your Image Description Your Image Description
Your Image Alt Text

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ കേരളത്തിലെ യൂത്ത് കോൺഗ്രസ്സിൽ നേതാക്കൾ കൂട്ട രാജിക്കൊരുങ്ങി . യൂത്ത് കോൺഗ്രസിന്റെ 28 മുൻ ജനറൽ സെക്രട്ടറിമാരാണ് ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി രാജിക്കത്ത് കൈമാറുന്നത്. പുതിയ ഡി.സി.സി ഭാരവാഹികളുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നത്.

ഷാഫി പറമ്പിൽ പ്രസിഡന്റായിരുന്ന കാലത്തെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമാരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും നിയമിച്ചു കൊണ്ട് കഴിഞ്ഞ ദിവസം എം.എം ഹസ്സൻ നിർദ്ദേശം നൽകിയിരുന്നു .

ഈ ലിസ്റ്റിൽ ജനറൽ സെക്രട്ടറിമാരെ പൂർണ്ണമായും ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ചാണ് കൂട്ട രാജിയിലേക്ക് പോകുന്നത്. ഷാഫിയുടെ ഗ്രൂപ്പു നേതാക്കൾക്കാണ് പുതിയ പദവി നൽകിയത്. ‘പൂർണ്ണമായും ഗ്രൂപ്പ് കളിയുടെ ഭാഗമാണ് ഈ നിയമനം. കെ.പി.സി. പ്രസിഡന്റ് കെ. സുധാകരനോ സംഘടനാ ചുമതലയുള്ള ടി.യു രാധാകൃഷ്ണനോ ഈ നിയമനത്തെപറ്റി പത്രവാർത്തയിലൂടെ മാത്രമാണറിഞ്ഞത് .

കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് താൽക്കാലിക പ്രസിഡന്റ് എം.എം ഹസ്സൻ ഭാരവാഹികളെ നിയമിച്ചത്. മുൻ കാലങ്ങളിൽ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റ്മാരെയും ഡി.സി.സി ഭാരവാഹികളാക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി അത് അട്ടിമറിച്ചു.

കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും സംസ്ഥാന ഭാരവാഹികളായി പ്രവർത്തിച്ച ഇവർക്ക് അർഹമായ പരിഗണന നിഷേധിച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും അല്ലാത്ത പക്ഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വയ്ക്കുമെന്നുമാണ് ഇവരുടെ ഭീഷണി .

പണ്ടേ ദുർബല പിന്നെ ഗർഭിണിയുമെന്ന് പറയുന്നതുപോലെയാണ് യൂത്ത് കോൺഗ്രസ്സിന്റെ സ്ഥിതി . യൂത്ത് കോൺഗ്രസ്സിന്റെ മാത്രമല്ല , കോൺഗ്രസ്സിന്റെയും സ്ഥിതി അത്ര മെച്ചമല്ല , പല മുതിർന്ന നേതാക്കൾ പോലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ല .

കഴിഞ്ഞ തവണത്തെ പോലെ ഈസിയായി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്നാ ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് . വെറുതെയാ , കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത് . ജനങ്ങളുടെ ഇടയിലേക്കിറങ്ങിയെങ്കിലേ അവരുടെ മനസ്സിലിടം പിടിക്കാനൊക്കു . എതിർ സ്ഥാനാർത്ഥികളെ അത്ര മോശക്കാരായി കാണരുത് .

പണി പാളും . രാഹുൽ ഗാന്ധിയുടെ കെയറോഫിൽ പാർലമെന്റിലെത്താമെന്ന സ്ഥാനാർത്ഥികളുടെ മനസ്സിലിരിപ്പും അത്ര ശുഭകരമല്ല . ഒരു തവണ അങ്ങനെ നടന്നുവെന്ന് കരുതി എല്ലായ്പ്പോഴും അത് നടക്കില്ല . പല മണ്ഡലങ്ങളും പ്രവചനാതീതമാണ് . ടൈറ്റ് മത്സരമാണ് .

Leave a Reply

Your email address will not be published. Required fields are marked *