Your Image Description Your Image Description

ന്യൂഡൽഹി: കൈക്കൂലികേസിൽ ഗൗതം അദാനിക്കും സഹോ​ദര പുത്രനും സമൻസ് അയച്ച് യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസി. അമേരിക്കയുടെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷ(എസ്ഇസി)നാണ് ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും സമൻസ് അയച്ചത്. 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ മൊഴി രേഖപ്പെടുത്താനാണ് ഇരുവരെയും വിളിച്ചുവരുത്തുന്നത്.

അഹമ്മദാബാദിലെ അദാനിയുടെ വിലാസത്തിലേക്കാണ് എസ്ഇസി നോട്ടിസ് അയച്ചത്. ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി വഴിയാണ് നടപടി. ആരോപണങ്ങളിൽ 21 ദിവസത്തിനകം മറുപടി നൽകുന്നില്ലെങ്കിൽ കേസ് തീർപ്പാക്കുന്ന ഘട്ടത്തിലേക്കു നീങ്ങും. കോടതിയിലും മറുപടി നൽകേണ്ടി വരും. അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ആന്ധ്രപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്നാട്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ ഉയർന്ന വിലയ്ക്കു വാങ്ങാനായി ഉന്നതർക്കു കൈക്കൂലി നൽകിയെന്നാണു കേസ്.

അദാനി ഗ്രീൻ എനർജിയുടെ ഒരു കരാറുമായി ബന്ധപ്പെട്ടാണു കുറ്റപത്രമെന്നും ഇത് കമ്പനിയുടെ 10% ബിസിനസിലും താഴെയാണെന്നും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ റോബി സിങ് പറഞ്ഞു.അഭിഭാഷകരുടെ അനുമതി കിട്ടിയശേഷം കുറ്റപത്രത്തെക്കുറിച്ചു വിശദമായി പ്രതികരിക്കും. കുറ്റപത്രത്തിന്മേൽ ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. യുഎസിലെ അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ടു കൈക്കൊള്ളേണ്ട നിയമപരമായ കാര്യങ്ങൾ (ഡിസ്ക്ലോഷർ) ഫെബ്രുവരിയിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *