Your Image Description Your Image Description
Your Image Alt Text

ബിജെപി എത്ര വലിയ ഓഫർ കൊടുത്ത് വിളിച്ചാലും പോകാത്ത നേതാക്കളും കേരളത്തിലുണ്ടെന്ന് മനസ്സിലായി . പറയാൻ കാരണം കഴിഞ്ഞ കുറേകാലമായി ബിജെപിയിലേയ്ക്ക് ജട കൊഴിഞ്ഞ , നിഴൽ പോലും കൂടെയില്ലാത്ത ചില നേതാക്കൾ ബിജെപിയിലേയ്ക്ക് പോയതായി നമ്മൾ കണ്ടു .

ചിലരൊക്കെ പോകുന്നതായും വാർത്തകൾ കണ്ടു . സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടത് വലത് മുന്നണികളിലെ ചില നേതാക്കളുടെ പേരുകൾ പ്രചരിക്കുന്നു . അവരെ പ്രതീക്ഷിച്ചാണ് നാല് ലോകസഭാ സീറ്റുകൾ വരെ ഒഴിച്ചിട്ടിരിക്കുന്നതെന്നും പ്രചാരണമുണ്ട് .

ആ പേരുകളിൽ ഒരാളാണ് സിപിഐയുടെ മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ. ബിജിമോൾ പറയുന്നു , അവരെ ക്ഷണിച്ച് ചില നേതാക്കൾ മുൻപു വിളിച്ചിരുന്നെന്നും , അത് കേട്ടപ്പോൾ തന്നെ താൽപര്യമില്ലെന്നു തീർത്തുപറഞ്ഞുവെന്നും .

ഇക്കാര്യം പാർട്ടി നേതൃത്വത്തിനും അറിയാമെന്നും അവർ വ്യക്തമാക്കി. അതുപോലെ കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫനുമായും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ചർച്ച നടത്തിയിരുന്നു.

പക്ഷെ മാത്യു സ്റ്റീഫൻ പോകാൻ തയ്യാറാണ് , ഏത് സമയവും പോകാം . ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. പക്ഷെ ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു നിബന്ധന. മാത്യു സ്റ്റീഫനിഷ്ടം ബിജെപി അംഗത്വം തന്നെയാണ് . അത് കിട്ടിയാൽ എപ്പോൾ പോയെന്ന് ചോദിച്ചാൽ മതി .

പക്ഷെ ബിജെപിയ്ക്ക് മാത്യൂസ്റ്റീഫനോട് അത്ര പന്തിയില്ല . കാരണം പി സി ജോർജ്ജിന്റെ സഹചാരിയാണ് . ജോർജ്ജിനെ എടുത്തതേ പുലിവാലായിരിക്കുമ്പോഴാ , ഈ കുരിശിനെ കൂടി എടുത്ത് തലയിൽ വയ്ക്കുന്നതെന്നാ ഒരു ബിജെപി മുതിർന്ന നേതാവ് പറഞ്ഞത് .

പിന്നെ കോൺഗ്രസ്സ് നേതാക്കളായ പീതാംബരക്കുറുപ്പ് , ശരത്ചന്ദ്രപ്രസാദ്‌ , പന്തളം സുധാകരൻ തുടങ്ങിയവരെല്ലാം ഈ വാർത്ത നിഷേധിച്ചു . അമ്മയെ ഒഴികെ എല്ലാം വിലയ്ക്കു വാങ്ങാവുന്ന കാലമാണ്. അങ്ങനെ പോകുന്ന പൈതൃകമല്ല എന്റേത്. ഓർമയിലും വിശ്വാസത്തിലുമെല്ലാം കോൺഗ്രസാണ്. കോൺഗ്രസ് എന്നെയും അങ്ങനെ കാണുന്നുവെന്നാണ് മുൻ എംപി പീതാംബരക്കുറുപ്പ്,ആണയിട്ട് പറയുന്നത്.

അതുപോലെ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടന വേദിയിൽ ഇരിക്കുമ്പോഴാണ് ഈ സമൂഹമാധ്യമ പ്രചാരണം കണ്ടത്. പിന്നിൽ സിപിഎമ്മാണെന്നറിയാം. മര്യാദയില്ലാത്ത രാഷ്ട്രീയമാണിതന്നാണ് യുഡിഎഫ് പ്രചാരണസമിതി കൺവീനർ കൂടിയായ പന്തളം സുധാകരൻ പറഞ്ഞത്.

ഈ പ്രചാരണം അവജ്ഞയോടെ തള്ളുന്നു. എന്റെ ശരീരത്തെ നൂറോളം മുറിപ്പാടുകൾ കോൺഗ്രസിന്റെ കൊടി പിടിച്ചപ്പോൾ കിട്ടിയതാണ്. മരിക്കുന്നതുവരെ ആ കൊടി പിടിക്കും. കോൺഗ്രസ് എന്റെ ചോരയാണന്നാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് പങ്കുവച്ചത് .

അതുപോലെ കൊല്ലത്തെ നേതാവ് കെപിസിസി മുൻ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ സത്യം ചെയ്തു പറയുന്നത് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ ത്രിപുരയിൽ ഓഫിസുകളടക്കം ബിജെപിക്കു കൊടുത്ത സിപിഎമ്മാണന്നാണ് . പ്രേമചന്ദ്രന്റെ പ്രചാരണപരിപാടികളുടെ വിശകലന ചർച്ചയിലാണ് , ഞാൻ ഒരിക്കലും ബിജെപിയിൽ പോകില്ലെന്നും കൂട്ടിച്ചേർത്തു .

തല്ക്കാലം ഇവരുടെ വാക്കുകൾ വിശ്വസിക്കാമല്ലേ ? ഏത് സമയവും വാക്ക് മാറാം , വാക്കല്ല മാറ്റാൻ പറ്റൂ .

Leave a Reply

Your email address will not be published. Required fields are marked *