Your Image Description Your Image Description
Your Image Alt Text

യു കെ യ്ക്ക് പിന്നാലെ കാനഡയിലും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു . വിദ്യാർത്ഥികൾ ഉൾപ്പടെ, താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കും .

അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനാണ് പദ്ധതി . വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവർക്കൊക്കെ ഇത് ബാധകും . രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികൾ .

താമസ സൗകര്യങ്ങളുടെ അപര്യാപ്തതകൾ കാരണം കുടിയേറ്റ നയം പരിഷ്‌കരിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു . നിലവിൽ മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം വിദേശികളാണ് . ഇത് 5 ശതമാനമാക്കി കുറക്കുവാനാണ് പ്ളാൻ .

അടുത്ത ചില വർഷങ്ങളിലായിട്ടായിരുന്നു താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചത്. 2024-ൽ 25 ലക്ഷത്തോളം താത്ക്കാലിക കുടിയേറ്റക്കാർ കാനഡയിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് .

2021 ൽ ഉണ്ടായിരുന്നതിനേക്കാൾ 10 ലക്ഷം പേർ കൂടുതലാണിത്. രാജ്യത്തെ പല തസ്തികകളിലേയും ഒഴിവുകൾ നികത്താൻ രാജ്യം പ്രധാനമായും വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത് . എന്നിരുന്നാലും സിസ്റ്റം കൂടുതൽ കാര്യക്ഷമമാകുവാൻ മാറ്റങ്ങൾ ആവശ്യമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

പുതിയ നയത്തിന്റെ ഭാഗമായി ചില വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾക്ക് മെയ്‌ 1 മുതൽ താത്ക്കാലിക കുടിയേറ്റക്കാരായ ചില ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നു . അതല്ലെങ്കിൽ, അവർ ചെയ്യുന്ന ജോലികൾ കാനഡയിലെ സ്ഥിര താമസക്കാരെ കൊണ്ട് ചെയ്യാൻ ആകില്ലെന്ന് തെളിയിക്കേണ്ടതായി വരും.

കെട്ടിട നിർമ്മാണം, ആരോഗ്യം എന്നീ മേഖലയിൽ ഇത് ബാധകമല്ല . ഈ രണ്ട് മേഖലയിലും ഇപ്പോൾ കനത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുകയാണ്., ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഓഗസ്റ്റ് 31 വരെ എങ്കിലും സമയപരിധി ലഭിക്കും.

കണക്കുകളനുസരിച്ച് താത്ക്കാലിക കുടിയേറ്റക്കാരിൽ 54 ശതമാനം പേർക്ക് വർക്ക് പെർമിറ്റ് ഉണ്ട്. 22 ശതമാനം പേർ പഠനത്തിനായി കാനഡയിൽ എത്തിയവരാണ്. 15 ശതമാനത്തോളം പേർ വിവിധ കാരണങ്ങളാൽ അഭയം തേടി എത്തിയ അഭയാർത്ഥികളും.

ഏതായാലും ഈ നയ മാറ്റം പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മക്ക് വിദേശ തൊഴിലാളികളെ ബലിയാടാക്കുന്നു എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *