Your Image Description Your Image Description
Your Image Alt Text

ശിഖണ്ഡി ഒരു ചെറിയ മീനല്ല , ഷിബു ബേബി ജോൺ മക്കളില്ലാത്ത ചാഴിക്കാടനെപ്പറ്റി ഇങ്ങനെ പറയരുതായിരുന്നു, ഷിബു ബേബി ജോണിന്റെ ശിഖണ്ഡി പ്രയോഗം ഷിബുവിന് നന്നേ ബോധിച്ചുവെങ്കിലും കേട്ടിരുന്നവരിൽ പലർക്കും പല കാരണങ്ങളാൽ ബോധിച്ചിട്ടില്ല.

ഒന്നാമതേ , ഷിബുവിന് ശിഖണ്ഡി ആരാണന്നറിയില്ല . രണ്ടാമത് പുരാണത്തിൽ അതായത് മഹാഭാരത യുദ്ധത്തിൽ ശിഖണ്ഡിയുടെ പങ്കറിയില്ല . അതിലും പ്രധാനം , അഞ്ചു വര്ഷം ഒപ്പം ഒരേ നിയമസഭയിൽ പ്രവർത്തിച്ചിട്ടും തോമസ് ചാഴികാടൻ ആരാണെന്ന് ഷിബുവിന് മനസ്സിലായില്ല.

ചാഴിക്കാടനെ ശിഖണ്ഡി എന്ന് വിളിച്ചതിൽ അദ്ദേഹത്തിന് വലിയ വിഷമം തോന്നിയിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയുടെ കാര്യം ഷിബു ഓർക്കണമായിരുന്നു. അവർ രഹസ്യമായി ഒരു സ്നേഹിതയോട് പങ്കുവച്ചത് ഇപ്രകാരമാണ്, ടോമിക്ക് അതായത് തോമസ് ചാഴിക്കാടന് മക്കളില്ലായിരിക്കാം. പക്ഷെ ഒരു മണ്ഡലം ഉണ്ട് മക്കളെ നോക്കുന്നതിലും ഭംഗിയായി ആ മണ്ഡലത്തെ നോക്കുകയും ചെയ്തിട്ടുണ്ട്.

മഹാഭാരതത്തിലെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ ഒന്ന് ശിഖണ്ഡിയാണന്നാണ് , യെന്റെയൊരഭിപ്രായം . കഥാഗതി തിരിച്ചുവിട്ടവരിൽ മുമ്പൻ. ചിരംജീവിയായ ഭീഷ്മരെ വധിക്കാൻ സാധിച്ചത് ശിഖണ്ഡിയുടെ വരപ്രസാദം ഒന്നുകൊണ്ടു മാത്രമാണ്.

ശന്തനുവിന്റെ മൂത്തമകൻ ചിത്രാംഗദന്റെ മരണത്തോടെ ഇളയപുത്രൻ വിചിത്രവീരൻ അധികാരത്തിൽ വന്നു. കാശി രാജാവ് തന്റെ മക്കളായ അംബ, അംബിക, അംബാലികമാർക്ക് സ്വയംവരം പ്രഖ്യാപിച്ചു. അനുജനുവേണ്ടി ഭീഷ്മർ സ്വയംവര പന്തലിലെത്തി യുദ്ധം ചെയ്ത് മൂന്ന് കന്യകമാരെയും പിടിച്ചുകൊണ്ടുപോയി.

പോകുംവഴി സ്വാലൻ എന്ന രാജകുമാരൻ തടഞ്ഞുവെങ്കിലും വിജയിച്ചില്ല. അംബ സ്വാലനിൽ അനുരക്തയാണെന്നറിഞ്ഞ ഭീഷ്മർ അംബയെ വിട്ടുകൊടുത്തു . സ്വാലൻ സ്വീകരിച്ചില്ല. എന്തിന് പറയുന്നു, ഒടുവിൽ ശിവനെ തപസ്സ് ചെയ്തു അടുത്ത ജന്മത്തിൽ ഭീഷ്മരെ വധിക്കാൻ കരണക്കാരിയാകുമെന്ന് വരം നേടി. ജന്മം നേരത്തേയാകാൻ അംബ ആത്മാഹുതി നടത്തി.

പിന്നീട് ദ്രുപത രാജാവിന്റെ കൊട്ടാരത്തിൽ സ്ത്രീജന്മമെടുത്തു. വീണ്ടും തപസ്സ് ചെയ്ത് വരബലത്താൽ പുരുഷനായി. അങ്ങനെ കുരുക്ഷേത്ര യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്നിൽ നിർത്തി അർജ്ജുനൻ ഭീഷ്മരെ വീഴ്ത്തി. സ്ത്രീകളോടും പിന്നീട് പുരുഷനായി മാറിയ സ്ത്രീയോടും യുദ്ധം ചെയ്യില്ലായെന്ന ശപഥം ചെയ്ത ഭീഷ്മർ ശിഖണ്ഡിയുടെ മുന്നിൽ ആയുധം താഴെ വച്ചത് ശിഖണ്ഡിയുടെ കുഴപ്പമല്ല. ഭീഷ്മരെ അന്ന് വധിച്ചില്ലായെങ്കിൽ യുദ്ധഗതി മറ്റൊന്നാകുമായിരുന്നു.

ഇനിയാണറിയേണ്ടത് , ചാഴിക്കാടനെ എന്ത് അർത്ഥത്തിലാണ് ശിഖണ്ഡി എന്ന് വിളിച്ചതെന്ന്. കോൺഗ്രസിന് വിടുവേല ചെയ്യാത്തതിനാണോ ? അതോ അവരുടെ തോന്ന്യാസത്തിന് കൂട്ട് നിൽക്കാത്തതിനോ? ഷിബുവിനൊക്കെ വേറെ ഗതിയില്ലാത്തതുകൊണ്ട് അവരുടെ പൃഷ്ഠം താങ്ങിയെ പറ്റൂ.

പിതാവിന്റെ , മണവും ഗുണവും ഇല്ലാത്ത മക്കൾ ഇങ്ങനെയേ പറയൂ…ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ചവറയിലെ ബേബിസാറിന്റെ മോൻ വലതുപക്ഷത്ത് എത്തിയത് കുതികാൽ വെട്ടും ചതിയുമല്ലേ? വലതുപക്ഷത്ത് ഇന്ന് ആക്രിക്കാരുപോലും വിലപറയാത്ത നിലയിൽ തുരുമ്പെടുത്തല്ലേ ഷിബു ഇരിക്കുന്നത്?

എഴുപതുകളുടെ രണ്ടാം പാതിയിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ അന്നത്തെ ഒരു മന്ത്രിപുത്രൻ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്നത് ഓർക്കുന്നു. പാഠ്യവിഷയത്തേക്കാൾ പഠ്യേതര വിഷയങ്ങളായ രാത്രി സഞ്ചാരം കരിക്ക് മോഷ്ടിക്കൽ തുടങ്ങിയ കലാപരിപാടികളായിരുന്നു കക്ഷിക്കിഷ്ടം.

ഗീവർഗീസ് പണിക്കരെന്ന പ്രിൻസിപ്പൽ കൈയ്യോടെ പൊക്കി. പിതാവായ മന്ത്രിയെ വിളിച്ചു വരുത്തി മകന്റെ സാന്നിധ്യത്തിൽ തന്നെ വിവരം ധരിപ്പിച്ചു. ”എന്റെ മകൻ ഇങ്ങനെ ചെയ്യില്ലച്ചോ” എന്ന് മൊഴിഞ്ഞ മന്ത്രിയുടെ നേരെ സ്വതസിദ്ധമായ ശൈലിയിൽ ളോഹയുടെ കൈ തെറുത്ത് കേറ്റി ചാടി എഴുന്നേറ്റ് രോക്ഷാകുലനായി പറഞ്ഞു. ”എടോ, മന്ത്രീ വീട്ടിൽ ചെന്ന് ഇവന്റെ തള്ളയോട് ചോദിക്ക് ഇവന്റെ തന്ത ആരാണെന്ന്?”

കഥാഗതി അനുസരിച്ച് ശിഖണ്ഡി ട്രാൻസ് ജെൻഡർ ആണെന്ന ധാരണയിലാണ് പലരും ശിഖണ്ഡി പ്രയോഗം നടത്തുന്നത്. എന്നാൽ കന്യകയായിരുന്നവൾ വര പ്രസാദത്താൽ പുരുഷനായി മാറിയെന്ന സത്യവും കുരുക്ഷേത്ര യുദ്ധത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കും അതിലുപരി അംബയുടെ പകയുടെ പൂർത്തീകരണം എന്നതും അവിടെ സംഭവിച്ചു.

കേരള കോൺഗ്രസുകളെ സംബന്ധിച്ചിടത്തോളം കോട്ടയം ഇന്ന് കുരുക്ഷേത്രം തന്നെയാണ്. ഷിബുവിന്റെ ഭാഷയിൽ മക്കളില്ലാത്ത ചാഴികാടൻ ശിഖണ്ഡിയാണെങ്കിൽ ജയവും ശിഖണ്ഡി പക്ഷത്തിന് അനുകൂലമാണ്. യുഡിഎഫിന്റെ കൂടെ നിന്ന് അവർക്കിട്ടുതന്നെ പാര വയ്ക്കരുത് ഷിബുവേ .

Leave a Reply

Your email address will not be published. Required fields are marked *