Your Image Description Your Image Description
Your Image Alt Text

എ.ഡി. ആറാം നൂറ്റാണ്ടിൽ മഹാനായ പ്രവാചകൻ ഇബ്രാഹിം നബി (അ) പ്രപഞ്ചനാഥനായ അല്ലാഹുവിനെ ആരാധിക്കാനായി മക്കയിൽ കഅബ ശരീഫ് പണിതു. അറേബ്യൻ ജനത കഅബയെ അങ്ങേയറ്റം ആദരിക്കുകയും അവിടെ ആരാധനാകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തുവന്നു. കഅബയിലേക്ക് ഹജ്ജിന് വേണ്ടി തീർത്ഥാടനം ചെയ്യുക അറബികളുടെ പതിവായിരുന്നു. അങ്ങനെയിരിക്കേ കഅബയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു വലിയ സംഭവമുണ്ടായി.

അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് കഅബയെക്കുറിച്ച് കേൾക്കാനിടയായി. അറബികൾ കഅബയെ അതിരറ്റു ആദരിക്കുന്നതും അവിടേക്ക് ഹജ്ജിനും മറ്റും പോവുന്നതും അബ്രഹത്തിന് ഒട്ടും രസിച്ചില്ല. തന്റെ ശില്പവിധഗ്ദ്ധരെ വിളിച്ചുകൂട്ടി അബ്റഹത്ത് പറഞ്ഞു

“കഅബയ്ക്ക് പകരം അറബികളുടെ തീർത്ഥാടന സൗകര്യത്തിനുവേണ്ടി ഞാനൊരു ദേവാലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.”

അപ്പോൾ മുഖ്യ ശില്പി പറഞ്ഞു:

“രാജാവേ, കഅബയേക്കാൾ ഭംഗിയുള്ളതും വലുതുമായ ഒരു ദേവാലയം നിർമ്മിക്കാൻ ഞങ്ങൾ ഒരുക്കമാണ്. പക്ഷേ അറബികൾ കഅബയിലേക്ക് തീർത്ഥാടനം നടത്തുന്നത് അതിന്റെ വലുപ്പം കൊണ്ടല്ല..! കല്ല് കൊണ്ടു ഏറ്റവും ലളിതമായ രീതിയിൽ നിർമ്മിക്കപ്പെട്ട, ഒരു ചതുരമാണ് കഅബ. അത് അല്ലാഹുവിന്റെ മുമ്പിൽ മനുഷ്യന്റെ വിനയത്തിന്റെയും നിസ്സഹായതയുടെയും പ്രതീകമാണ്. അല്ലാഹുവിന്റെ ഭവനത്തിന്റെ പ്രതീകമാണത്.”

അബ്റഹത്തിന് മുഖ്യശില്പി പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അയാളോട് ചോദിച്ചു,

“ഈ പറഞ്ഞതിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ..?”

നിശ്ചദാർഢ്യം സ്ഫുരിക്കുന്ന ഭാവത്തോടെ മുഖ്യശിൽപി പറഞ്ഞു, “തിരുമേനി..! പ്രപഞ്ചത്തിന്റെ സൃഷ്ടാവായ രാജാധിരാജനായ അല്ലാഹുവിൽ ഞാൻ വിശ്വസിക്കുന്നു”.

അബ്റഹത്തിന് ശില്പി പറഞ്ഞത് ഒട്ടും രസിച്ചില്ല. ആ നല്ലവനായ മുഖ്യശില്പിയെ ജയിലിലടച്ച് പീഡിപ്പിച്ചു കൊന്നു..!!

“തിരുമനസിന്റെ ആഗ്രഹം ഞാൻ നടത്തിത്തരാം. അതുല്യമായ ഒരു ദേവാലയം അങ്ങേക്കായി ഞാൻ നിർമ്മിച്ചു തരും.. ” അക്കൂട്ടത്തിലെ മറ്റൊരു ശില്പി പറഞ്ഞു.

അങ്ങനെ അബ്റഹത്തിന്റെ ആഗ്രഹം പോലെ കഅബയ്ക്ക് പകരം മറ്റൊരു ദേവാലയം ആ ശില്പി ഏറ്റെടുത്തു നിർമ്മിച്ചു.

അക്കാലത്തു ലഭ്യമായ ഏറ്റവും നല്ല സാധനങ്ങൾ കൊണ്ട് നിർമ്മിച്ചതായിരുന്നു ആ ദേവാലയം. പക്ഷേ ദേവാലയം തുറന്നിട്ട് വർഷങ്ങൾ കടന്നു പോയിട്ടും ഒരു അറബിപോലും അവിടെ തീർത്ഥാടനത്തിനെത്തിയില്ല. അതിനകത്തു ഏറ്റവും വിലപിടിച്ച സുഗന്ധദ്രവ്യങ്ങൽ പുകച്ചു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല..!!

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു നാട്ടറബി ദേവാലയത്തിനകത്ത് കയറി മലവിസർജനം നടത്തി തിരിച്ചു പോയി. ഇതറിഞ്ഞ അബ്റഹത്തിനു അറബികളോടും കഅബയോടും അടങ്ങാത്ത പകയുണ്ടായി…

അയാൾ പ്രഖ്യാപിച്ചു. “അറബികൾക്ക് തീർത്ഥാടനത്തിന് എന്റെ ദേവാലയമല്ലാതെ മറ്റൊരാശ്രയവുമില്ലാത്ത വിധം കഅബയെ ഞാൻ തകർക്കും.”

കഅബ തകർന്നാൽ ആളുകൾ തന്റെ ദേവാലയം സന്ദർശിക്കാൻ നിർബന്ധിതരാവുമെന്ന് അബ്രാഹത്ത്‌ കണക്കുകൂട്ടി. അയാൾ യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങി. അനേകം ആനകളോടുകൂടിയ വൻ സൈന്യ സജ്ജീകരണം തന്നെ നടത്തി. അങ്ങനെ കഅബ തകർക്കാൻ അബ്രാഹത്തിന്റെ സൈന്യം പുറപ്പെട്ടു.

അക്കാലത്തെ സൈന്യങ്ങളിൽ ഏറ്റവും പ്രബലമായിരുന്നു അബ്രാഹത്തിന്റെ സൈന്യം. കഅബ തകർക്കാനുള്ള മക്കയിലേക്കുള്ള യാത്രാമധ്യേ, അബ്രാഹത്തിന്റെ സൈന്യത്തെ അറേബ്യയിലെയും യമനിലെയും ചില ഗോത്ര സേനകൾ തടയാൻ ശ്രമിച്ചു. പക്ഷെ അവരെയെല്ലാം നിഷ്പ്രയാസം അബ്രഹത്തിന്റെ സേന തോൽപ്പിച്ചു.

സൈന്യം മക്കയുടെ സമീപത്തെത്തി തമ്പടിച്ചു. സൈന്യത്തിലെ പട്ടാളക്കാർ പരിസരത്തുണ്ടായിരുന്ന മക്കക്കാരുടെ ഒട്ടേറെ കന്നുകാലികളെ കൊള്ളയടിച്ചു. അതിൽ മുഹമ്മദ്‌ നബിയുടെ പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബിന്റെ ഇരുന്നൂറ് ഒട്ടകങ്ങളും ഉണ്ടായിരുന്നു. കഅബയുടെ പരിപാലനം അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിലായിരുന്നു.

അബ്രഹത്തിന്റെ സൈന്യത്തെ കണ്ട മക്കാനിവാസികൾ പരിഭ്രാന്തരായി. ഇത്രയും വലിയൊരു സൈന്യത്തെ നേരിടാനുള്ള ശക്തി തങ്ങൾക്കില്ലെന്നു അവർ മനസ്സിലാക്കി. അതിനാൽ കഅബയെ അതിന്റെ വിധിക്ക് വിട്ട് കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അവർക്കു ബോധ്യമായി.

അബ്രഹത്ത് നാട്ടുമുഖ്യനായ അബ്ദുൽ മുത്തലിബിന്റെ അടുക്കൽ തന്റെ ദൂതൻ വഴി സന്ദേശമയച്ചു. “നിങ്ങളോട് യുദ്ധം ചെയ്യാനല്ല ഞങ്ങൾ ഇവിടെ എത്തിയിട്ടുള്ളത്. മറിച്ച്, കഅബ പൊളിക്കാനാണ്. നിങ്ങൾക്ക് ഇക്കാര്യത്തിൽ എതിർപ്പില്ലെങ്കിൽ ഞങ്ങൾക്കും എതിർപ്പില്ല. ഇനി കഅബ തകർക്കുന്നതിനെ നിങ്ങൾ ചെറുത്തുനിൽക്കുകയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളോട് യുദ്ധം ചെയ്യേണ്ടി വരും.” – ഇതായിരുന്നു സന്ദേശം.

അബ്രഹത്തിന്റെ സന്ദേശത്തിനു അബ്ദുൽ മുത്തലിബിന്റെ മറുപടി ഇപ്രകാരമായിരുന്നു. “ഞങ്ങൾക്ക് നിങ്ങളുടെ രാജാവിനോട് യുദ്ധം ചെയ്യാൻ ഉദ്ദേശ്യമില്ല. കഅബയുടെ കാര്യമാണെങ്കിൽ, അത് അല്ലാഹുവിന്റെ വിശുദ്ധ ഗേഹമാണ്. അതിനെ അവൻ തന്നെ സംരക്ഷിക്കുകയും ചെയ്യും”.

ദൂതൻ അബ്ദുൽ മുത്തലിബിനെയും കൂട്ടി അബ്രഹത്തിന്റെ അടുത്തേക്ക് പോയി. ഗാംഭീര്യവും ആകർഷകത്വവും സ്ഫുരിക്കുന്ന വ്യക്തിയായിരുന്നു അബ്ദുൽ മുത്തലിബ്. ആവശ്യം എന്താണെന്ന് അബ്രഹത് ചോദിച്ചു.
“എന്റെ നഷ്ടപ്പെട്ട ഇരുന്നൂറ് ഒട്ടകങ്ങൾ മടക്കിക്കിട്ടണം.” അബ്ദുൽ മുത്തലിബ് പറഞ്ഞു.

മറുപടി കേട്ട അബ്രഹത്ത് ആശ്ചര്യത്തോടെ ചോദിച്ചു : “നിങ്ങളെ സംബന്ധിച്ചു കേട്ടിരുന്നത് കഅബയോടു വളരെയധികം ആദരവും, അതിനോട് തന്റെ ജീവനേക്കാൾ സ്നേഹവും ഉണ്ടെന്നായിരുന്നു. എന്നാൽ കഅബയെ തകർക്കാൻ വന്ന എന്നോട് നിങ്ങൾ അക്കാര്യം വിട്ട് ഒട്ടകത്തിന്റെ കാര്യം മാത്രം സംസാരിക്കുന്നോ..?!”

അബ്ദുൽ മുത്തലിബ് മറുപടി പറഞ്ഞു: “അല്ലയോ രാജാവെ..! ഈ ഒട്ടകങ്ങൾ എന്റേതാണ്. അതിനാലാണ് അവയെ വിട്ടുതരാൻ ഞാൻ ആവശ്യപ്പെട്ടത്. കഅബ അല്ലാഹുവിന്റേതാണ്. അവന്റെ ഭവനത്തെ അവൻ തന്നെ സംരക്ഷിക്കും. അതിനെ നശിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല.”

ഇതുകേട്ട അബ്രഹത് കോപാകുലനായി…

“എന്നാൽ എന്നിൽ നിന്ന് അവനത് സംരക്ഷിക്കാൻ കഴിയില്ല..!!” – അയാൾ പറഞ്ഞു.

“നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നതുപോലെ ചെയ്യുക”. അബ്ദുൽ മുത്തലിബ് നിസ്സംഗതയോടെ പറഞ്ഞു.

പിടിച്ചു വെച്ച ഒട്ടകങ്ങളെ അബ്രഹത്ത് വിട്ടു കൊടുത്തു. അബ്ദുൽ മുത്തലിബ് മക്കയിലേക്ക് മടങ്ങി. നടന്ന സംഭവങ്ങൾ മുഴുവനും മക്കയിലെ നേതാക്കളെ അറിയിച്ചു. എല്ലാവരും അങ്ങേയറ്റം വിഷണ്ണരായി. അബ്ദുൽ മുത്തലിബ് ജനങ്ങളോട് പറഞ്ഞു:

“ചെറുത്ത്‌ നില്ക്കാൻ കഴിയാത്ത ഒരു മഹാ സൈന്യത്തെയാണ് ഞാൻ അവിടെ കണ്ടത്. നിങ്ങൾ മലഞ്ചെരുവിൽ അഭയം തേടി കഅബയെ സംരക്ഷിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക..!”

മക്ക വിട്ട് ഓടിപ്പോകുന്നതിനു മുമ്പായി അബ്ദുൽ മുത്തലിബും മറ്റു മുഴുവൻ നേതാക്കളും കഅബയിൽ വന്നു ഉള്ളുരുകി പ്രാർത്ഥിച്ചു…

“അല്ലാഹുവെ..! നിന്റെ മന്ദിരം സംരക്ഷിക്കാൻ ഞങ്ങൾ ശക്തരല്ല. നീ സ്വയം കഅബയെ സംരക്ഷിച്ചാലും. നീ തീരുമാനിച്ചാലല്ലാതെ ഈ കഅബയെ തകർക്കാൻ ആർക്കും കഴിയില്ല..!” – പൊട്ടിക്കരഞ്ഞുകൊണ്ട്‌ അബ്ദുൽ മുത്തലിബ് അല്ലാഹുവിനോടായി പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞു എല്ലാവരും കഅബയിൽ നിന്ന് പിരിഞ്ഞുപോയി. മക്ക ജനശൂന്യമായി…

അടുത്ത ദിവസം പുലർച്ചെ തന്റെ സൈന്യത്തെയും കൊണ്ട് അബ്രഹത്ത് കഅബയെ ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങി. മുമ്പിൽ ആനകൾ. അവയ്ക്ക് പിന്നിൽ സർവ്വായുധധാരികളായ പട്ടാളവും അണിനിരന്നു… പക്ഷെ അബ്രഹത്തിന്റെ സൈന്യത്തിന് മക്കയിലേക്ക് കടക്കാൻ കഴിഞ്ഞില്ല.

പെട്ടെന്ന് ആകാശം കറുത്തിരുണ്ടു വന്നു. എണ്ണാൻ കഴിയാത്തത്ര അബാബീൽ പക്ഷികളാൽ സൂര്യഗോളം മൂടപ്പെട്ടു. എല്ലാ പക്ഷികളുടെയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകൾ. ആ പറവകൾ കല്ലുകളെ സൈന്യത്തിന് നേരെ ഉതിർക്കാൻ തുടങ്ങി. ആ വൻ സൈന്യം അബാബീൽ പക്ഷികളുടെ മുന്നിൽ പകച്ചുപോയി. ചിതറിയോടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല..!! അല്ലാഹുവിന്റെ ശിക്ഷ ചുട്ടുപൊള്ളുന്ന കല്ലുകളുടെ രൂപത്തിൽ പതിച്ചു. അവ പട്ടാളക്കാരുടെ ശരീരം തുളഞ്ഞു കയറി പുറത്തുവന്നു. അഹംഭാവിയായ അബ്രാഹത്തിന്റെ പട്ടാളക്കാർ ഒന്നൊന്നായി മരിച്ചു വീഴാൻ തുടങ്ങി. അവരുടെ ശരീരം ചീഞ്ഞഴുകി. ഇതേ അവസ്ഥ തന്നെയായിരുന്നു ആനകളുടേതും..!!

അബ്രഹത്തും അയാളുടെ മഹാ സൈന്യവും തകർന്നടിയാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. അഹങ്കാരിയായ അബ്രാഹത്ത് മടങ്ങിയത് വഴിയിൽ തന്റെ ശരീരത്തിലെ മാംസം, കഷ്ണം കഷണങ്ങളായി മുറിഞ്ഞു വീണുകൊണ്ടായിരുന്നു.

എത്ര വലിയ സൈന്യമുണ്ടായിട്ടും അല്ലാഹു തീരുമാനിച്ചാൽ നിസ്സാരമായ അബാബീൽ പക്ഷികളെപോലും തടുക്കാനോ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനോ സാധ്യമല്ല എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ഒരു സംഭവം കൂടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *