Your Image Description Your Image Description
Your Image Alt Text

സിപിഎം എന്താ ബിജെപിയെപ്പോലെ ചാക്കും കൊണ്ട് നടക്കുകയാണോ ? ആളെ പിടിക്കാൻ ? ആ പണി സിപിഎമ്മിനില്ലന്നാണ് എന്റെ ഒരറിവ് , രണ്ടു ദിവസമായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ പുച്ഛം തോന്നുന്നു. കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസും ദല്ലാൾ നന്ദകുമാറും പറയുന്നത് സി പി എം നേതാക്കൾ കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാൻ നടക്കുവാണെന്നാണ് .

പക്ഷെ ദല്ലാളിന്റെ വാദം പത്മജ തന്നെ പൊളിച്ചടുക്കി . ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനാണ് പത്മജയെ സിപിഎമ്മിലേക്കു ക്ഷണിച്ചതെന്നാണ് ദല്ലാൾ നന്ദകുമാർ പറഞ്ഞത് . എന്നാൽ , തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ലന്ന് പത്മജ തുറന്നടിച്ചു .

ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ലെന്നും അവർ ഒരു മാധ്യമത്തോട് വ്യക്തമാക്കി.
ദല്ലാൾ നന്ദകുമാറുമായി സംസാരിച്ചിട്ടില്ലെന്നും മുതിർന്ന രണ്ട് സിപിഎം നേതാക്കളാണ് അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നുമാണ് പത്മജ പറഞ്ഞത് .

മുതർന്ന സിപിഎം നേതാക്കൾ വിളിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാൽ തത്കാലം പേര് പരാമർശിക്കുന്നില്ലന്നാണ് പത്മജ പറഞ്ഞത് . സ്ഥാനം നോക്കിയല്ല ഒരു പാർട്ടിയിലേക്കും പോയത്. നന്ദകുമാർ വിളിച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് പറഞ്ഞത്. ഇപി ഒരിക്കലും വിളിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.

നന്ദകുമാറിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇ.പി. ജയരാജനും പറഞ്ഞു . എന്തെല്ലാം പച്ച നുണകളാണ് ഓരോരുത്തർ പടച്ചു വിടുന്നത് ? ഇവർക്ക് പബ്ലിസിറ്റിയാണ് ലക്ഷ്യമെങ്കിൽ വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. ദല്ലാൾ പറഞ്ഞത് , പത്മജയെ സിപിഎമ്മിലേക്കു ക്ഷണിച്ചത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനാണെന്നും , തന്റെ ഫോണിൽ നിന്നാണ് പത്മജയെ വിളിച്ചതെന്നും , വനിതാ കമ്മിഷൻ അധ്യക്ഷ പദവിയായിരുന്നു വാഗ്ദാനം ചെയ്തതെന്നുമാണ് ഗുണ്ടടിച്ചത് . തിരഞ്ഞെടുപ്പിലൂടെ അല്ലാതെയുള്ള സൂപ്പർ പദവിയായിരുന്നു പത്മജയുടെ ലക്ഷ്യമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞിരുന്നു .

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ പത്മജ വേണുഗോപാൽ ദുബായിലായിരുന്നു. ആ സമയത്താണ് ഇ.പി. ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞത്. ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യക്കെതിരായി വന്ന വിഡിയോ കമന്റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു.

പത്രങ്ങളിലും ഇതിന്റെ വാർത്ത വന്നിരുന്നു, എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പത്മജ വേണുഗോപാലിനെ പരിഗണിക്കാനുള്ള മാർഗങ്ങൾ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ, ആ പൊസിഷൻ അവർക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പർ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്, വനിതാ കമ്മിഷൻ പോലൊരു പൊസിഷൻ പോര എന്നവർക്ക് തോന്നിക്കാണും. പ്രതീക്ഷിച്ചതു കിട്ടാത്തതിനാലാണ് അവർ വരാതിരുന്നത്.”ഇതാണ് ഇയാൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് .

ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പത്മജ പറഞ്ഞത് അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന്. പിന്നെയെന്തിനാണ് ഇയാൾ ഇങ്ങനെയൊരു കള്ളം പറഞ്ഞത് ? ഇത് ആരുടെ തിരക്കഥയാ ? സിപിഎമ്മിനെ നാറ്റിക്കാൻ പടച്ചുവിടുന്ന പച്ച കള്ളങ്ങളാണ് . ഇതൊന്നും അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കത്തില്ല .

ഇതിന് പുറകെയാണ് , സിപിഎമ്മുകാർ തന്നെയും സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്തെത്തിയത് . തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നു എന്നാണ് ദീപ്തിയും പറഞ്ഞത് .

അന്നുതന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. ഇ.പി.ജയരാജൻ അല്ല, സീതാറാം യെച്ചൂരി വിളിച്ചാലും തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്നും ദീപ്തി മേരി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി പി രാജീവിനെയും ദീപ്തി പരിഹസിച്ചു. പി.രാജീവ് ഡമ്മി മന്ത്രി മാത്രമാണെന്നും, അതുകൊണ്ടാണ് ഇ.പി.ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും അദ്ദേഹം അറിയാതെ പോയതെന്നും ദീപ്തി പരിഹസിച്ചു. ഇത് കേട്ടപ്പോൾ ഒരു കോൺഗ്രസുകാരൻ തന്നെ ചോദിച്ചത് ഇവരെന്താ കോൺഗ്രസ്സിന്റെ അഖില ലോക നേതാവ് വല്ലതുമാണോയെന്നാണ് ?

ഇവരുടെ വാക്കുകളിൽ തന്നെയുണ്ട് അവർ വിളിച്ചാൽ പോകുമെന്ന് , വിളിക്കാതെ വിളിച്ചുവെന്ന് പറയുന്നതിന്റെ തന്ത്രം തന്നെ വിളിച്ചാൽ പോകുമെന്നല്ലേ , മാത്രമല്ല ഒരു പബ്ലിസിറ്റിയും .

Leave a Reply

Your email address will not be published. Required fields are marked *