Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫ് ആധിപത്യം നിലനിർത്തുമെന്ന് എബിപി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവേ പറയുന്നു . 20 സീറ്റുകളിൽ ഒന്നുപോലും എൻഡിഎയ്ക്കു നേടാനാകില്ല. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ വിലയിരുത്തുന്നു.

സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സർവേ റിപ്പോര്‍ട്ടിൽ പറയുന്നത്. എൽഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കും. മറ്റു പാർട്ടികൾ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയിൽ പറയുന്നു.

കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് പറയുമ്പോൾ തന്നെ നഷ്ടപ്പെട്ട ഏക സീറ്റ് കൂടി തിരികെ പിടിക്കുമെന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത് . അങ്ങനെയാണ് 20 ; 20 നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .

കഴിഞ്ഞ തവണ ആലപ്പുഴ മണ്ഡലമാണ് നഷ്ടപ്പെട്ടത് . ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചു സിപിഎം സ്ഥാനാർത്ഥി എ എം ആരിഫാണ് വിജയിച്ചത് . ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കാനാണ് എ ഐ സി സി ദേശീയ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തിറങ്ങുന്നത് .

സിപിഎം എ എം ആരിഫിനെ തന്നെ രംഗത്തിറക്കിയപ്പോൾ , ബിജെപി ശോഭാ സുരേന്ദ്രനെയാണ് മത്സരിപ്പിക്കുന്നത് . അഭിപ്രായ സർവ്വേകൾ ഇങ്ങനെയൊക്കെയാണ് പറയുന്നതെങ്കിലും ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത് .

പ്രചാരണത്തിൽ എല്ലാ പാർട്ടികളുടെയും ദേശീയ നേതാക്കളെത്തും . പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ പതിനഞ്ചാം തീയതി വീണ്ടുമെത്തുന്നുണ്ട് . പത്തനംതിട്ടയിൽ അനില്‍ ആന്റണിക്കുവേണ്ടി മോദി പ്രചാരണത്തിനെത്തുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണി വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം .

ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥിയായി മകന്‍ മത്സരിക്കുമ്പോള്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃസ്ഥാനത്താണ് എ.കെ.ആന്റണിയെന്നോർക്കണം .

ബന്ധങ്ങളെക്കാളുപരി ആദര്‍ശത്തിന് പ്രാധാന്യം നല്‍കുന്ന എ.കെ.ആന്റണി പത്തനംതിട്ടയില്‍ എത്തിയാല്‍ , കേരളത്തിലെ പ്രധാന എതിരാളിയായ എല്‍.ഡി.എഫിനേക്കാള്‍ വിമര്‍ശന വിധേയമാക്കേണ്ടത് രാജ്യം ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും മകനുമായ അനില്‍ ആന്റണിയെയാണ്.

അതിന് എ.കെ.ആന്റണി തയ്യാറാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് .മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വതയാണ് എ.കെ.ആന്റണി, ആന്റോ ആന്റണിക്കായി പ്രചാരണത്തിന് എത്തിയാല്‍ സംഭവിക്കുന്നത്.

ഇത് ഒരു പക്ഷേ രാജ്യാന്തര തലത്തില്‍പോലും വാര്‍ത്തയായേക്കാം. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി, കോന്നി, അടൂര്‍, തിരുവല്ല എന്നീ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം.

തുടക്കത്തില്‍ പി.സി.ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു ച്രചരണം. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അനില്‍ കെ.ആന്റണിക്ക് നറുക്കുവീണു. തുടക്കത്തില്‍ അനിലിന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള തന്റെ എതിര്‍പ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തിയെങ്കിലും മഞ്ഞുരുകിയത് പെട്ടന്നായിരുന്നു. പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദര്‍ശനത്തിന് അനില്‍ ആന്റണിക്കൊപ്പം പി.സി ജോര്‍ജും എത്തി. അതിന്റെ ട്രോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .

അനിലിനെ പി.സി.ജോര്‍ജ് തിലകം അണിയിച്ച ഫോട്ടൊ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചത് 2,97,396 വോട്ടുകളാണ്. രണ്ടാമതെത്തിയ സി.പി.എമ്മിലെ വീണാ ജോര്‍ജിന് 3,36,684 വോട്ടുകളും ലഭിച്ചു. വ്യത്യാസം 39,252 വോട്ടുകള്‍ മാത്രം. എന്നാല്‍ ഇക്കുറി ഇത് മാറി മറിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

സംസ്ഥാന ഭരണവിരുദ്ധ നിലപാട് പ്രകടമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. മാത്രമല്ല, കോണ്‍ഗ്രസില്‍ പ്രകടമായിട്ടുള്ള ചില എതിര്‍ സ്വരങ്ങളും അനില്‍ ആന്റണിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബിജെപി കരുതുന്നത് .

എ.കെ ആന്റണിയുടെ മകന്‍ എന്ന പരിഗണന നിരാശരായ ചുരുക്കം ചില കോണ്‍ഗ്രസുകാരെ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കാന്‍ വഴിയൊരുക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു .

Leave a Reply

Your email address will not be published. Required fields are marked *