Your Image Description Your Image Description
Your Image Alt Text

ഈ വർഷത്തെ ഹോളി ആഘോഷങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോളിയുടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. നിറങ്ങൾ വാരിയെറിയുക എന്നതിൽ നിന്നും മാറി പുരാണങ്ങളോടും കഥകളോടും ചേർന്നു നിൽക്കുന്ന ആഘോഷപരിപാടികൾ ഹോളി കാലത്ത് നടക്കാറുണ്ട്. അതിലൊന്നാണ് ‘ലത്മാർ ഹോളി’. ഉത്തർ പ്രദേശിൽ മഥുരയിലെ ഗോകുൽ എന്ന സ്ഥലത്തും വൃന്ദാവനിലും നടക്കുന്ന ലത്മാർ ഹോളിയുടെ വിശേഷങ്ങള്‍ അറിയാം.

നിറങ്ങളുടെയും നിറക്കൂട്ടുകളുടെയും ആഘോഷമായാണ് ഹോളി അറിയപ്പെടുന്നത്. വസന്തകാലത്തെ വരവേൽക്കാനായി നടത്തിയിരുന്ന ഒരാഘോഷം ഇപ്പോൾ ഭാരതം ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമായി മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. മിക്കയിടത്തും ഹോളി ആഘോഷം 7 ദിവസം നീണ്ടു നിൽക്കും.

ഉത്തർ പ്രദേശിൽ മഥുരയിലെ ബർസാനയിലും നന്ദഗാവോനിലും നടക്കുന്ന ആഘോഷങ്ങളാണ് ലത്മാർ ഹോളി എന്നറിയപ്പെടുന്നത്. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും കൂട്ടരെയും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർ‍മ്മയ്ക്കായാണ് ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്.

ലത്മാർ ഹോളി 7 ദിവസങ്ങളിലായാണ് നടത്തുന്നത്. കൃഷ്ണനെയും കൂട്ടുകാരെയും ചുള്ളിക്കമ്പെടുത്ത് അടിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇവിടെ നടക്കുന്ന ആഘോഷം. ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ പുരുഷന്മാരെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണം.

ലത്മാർ ഹോളിയുടെ പ്രധാന ആഘോഷങ്ങൾ നടക്കുന്ന ഇടമാണ് വൃന്ദാവൻ. ഇവിടുത്തെ ക്ഷേത്രത്തിലെ പ്രാർഥനകളോടു കൂടിയാണ് ഹോളി ആഘോഷം തുടങ്ങുക. ആദ്യം പുരോഹിതൻ ക്ഷേത്രത്തിൽ പ്രധാന പൂജകൾ നടത്തും. അതിനുശേഷം ഇവിടെ പൂന്തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിശ്വസികൾക്ക് നല്കും. തുടർന്നാണ് ഇവിടെ നിറത്തിലെ കളി ആരംഭിക്കുന്നത്. നിറക്കൂട്ടുകളും നിറം കലക്കിയ വെള്ളവും ഒക്കെ തളിച്ച് ആഘോഷങ്ങൾ തുടങ്ങും.

എന്നാൽ ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ രീതിയിൽ ഹോളി ആഘോഷിക്കുന്നവരാണ് ഗോകുലിലുള്ളത്. സാധാരണ എല്ലാ ആഘോഷങ്ങളിലും നിന്ന് മാറി നിൽക്കുന്ന വിധവകളായ സ്ത്രീകളാണ് ഇവിടുത്തെ ആഘോഷത്തിൻറെ ആളുകൾ. ഭാഗൽ ബാബ എന്നു പേരായ ഒരു ക്ഷേത്രമാണ് ആഘോഷങ്ങളുടെ കേന്ദ്രം.

ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും ഹോളി ആഘോഷങ്ങൾ നടക്കാറുണ്ട്. ബർസാന ലത്മാർ,നന്ദാഗൻ, ഫൂലൻ വാലി, ഗോകുൽ, മഥുര തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *