Your Image Description Your Image Description

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ 6 പാക്കിസ്ഥാൻ സ്വദേശികൾ പിടിയിൽ. 480 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളടങ്ങിയ ബോട്ടാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെ അറബിക്കടലിൽനിന്ന് തിങ്കളാഴ്ച അർധരാത്രിയോടെ പിടികൂടിയത്. ബോട്ടിൽനിന്ന് പിടിച്ചെടുത്ത 80 കിലോ വരുന്ന ലഹരിവസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി പോർബന്തറിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക്ക് സംഘം പിടിയിലായത്. പ്രദേശത്ത് നിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ‍‍

Leave a Reply

Your email address will not be published. Required fields are marked *