Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി:  വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസ്സമിൽ പ്രതിപക്ഷം ഇന്ന് ഹർത്താലിന് അഹ്വാനം ചെയ്തു. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു.

സംസ്ഥാനത്തെ 16 പാർട്ടികൾ ചേർന്നുള്ള അസ്സം യുനൈറ്റഡ് പ്രതിപക്ഷ സഖ്യമാണ് ഹർത്താൽ നടത്തുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സി.എ.എയുടെ പകർപ്പുകൾ കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് കേന്ദ്ര സർക്കാർ സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.

കേന്ദ്ര വിജ്ഞാപനം വന്നതിനു പിന്നാലെ തന്നെ അസ്സമിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി.ഹർത്താലിന്‍റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019ൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങളിലൊന്നാണ് അസ്സം. അന്ന് പൊലീസ് നടപടിയിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായിരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *