Your Image Description Your Image Description

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ രാഷ്ട്രീയ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു. ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽനിന്ന് രാജിവച്ചത്. ബ്രിജേന്ദ്ര വൈകാതെ കോൺഗ്രസിൽ ചേർന്നു.

രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുലും താമസിയാതെ കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ വച്ചാണ് ബ്രിജേന്ദ്ര സിങ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപക് ബാബരിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘‘ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ പാർട്ടിയുടെ പ്രാഥമികാംഗത്വം ഞാൻ രാജിവക്കുകയാണ്. ഹിസാറിൽനിന്ന് എംപിയായി സേവനം അനുഷ്ഠിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ പ്രസിഡൻറ് ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും ഞാനെന്റെ നന്ദി അറിയിക്കുന്നു’’ – ബ്രിജേന്ദ്ര സിങ് എക്സിൽ കുറിച്ചു

ഹിസാറിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ സിങ് മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ജാട്ട് വിഭാഗത്തിൽ ഏറെ സ്വാധീനമുള്ള നേതാവു കൂടിയാണ് ഇദ്ദേഹം. വെറ്ററൻ ബിജെപി നേതാവ് ചൗധരി ബിരേന്ദ്രർ സിങ്ങിന്റെ മകനാണ്. 2019ൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം വിജയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *