Your Image Description Your Image Description

ഇന്ത്യയിൽ ഈ വർഷം ഹോളി ആഘോഷിക്കുന്നത് 2024 മാർച്ച് 25 നാണ്.  ഹിന്ദു ചാന്ദ്ര കലണ്ടർ പ്രകാരമാണ് ഹോളിയുടെ തീയതി നിർണ്ണയിക്കുന്നത്. ഓരോ വർഷവും തീയതിയിൽ വ്യത്യാസമുണ്ടാകും.  രണ്ട് ദിവസങ്ങളിലായാണ് ഹോളി ആഘോഷിക്കുന്നത്. മാർച്ച് 24 ന് ഹോളിക ദഹനും പ്രധാന ഹോളി ആഘോഷങ്ങൾ മാർച്ച് 25 നും നടക്കും.

എന്താണ് ഹോളിക ദഹൻ അഥവാ ഛോട്ടി ഹോളി

ഹോളിയുടെ തലേ രാത്രിയെ ഹോളിക ദഹൻ അല്ലെങ്കിൽ “ഛോട്ടി ഹോളി” എന്ന് വിളിക്കുന്നു, അന്ന്  ആളുകൾ കത്തിച്ച തീക്ക് ചുറ്റും ഒത്തുകൂടുന്നു, തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെയും പഴയതിനെ പുറംതള്ളി പുതിയതിന്റെ ആഗമനത്തെയും സ്വീകരിക്കുന്നു. പാട്ട്, നൃത്തം എന്നിങ്ങനെ വിവിധ ആചാരങ്ങൾ അഗ്നിക്ക് ചുറ്റും നടത്തപ്പെടുന്നു. ഹിരണ്യകശിപുവിന്റെ  പുത്രനായ പ്രഹ്ലാദനെ അഗ്നിജ്വാലയിലെരിച്ച്  കൊല്ലാൻ ശ്രമിച്ച ഹോളികയുടെ കഥയിൽ നിന്നാണ് ഈ ആചാരം ഉണ്ടായത്.  ഹോളികയ്ക്ക് അഗ്നിയിൽ നിന്ന് മുക്തി നേടാനുള്ള അനുഗ്രഹം ലഭിച്ചിരുന്നുവെങ്കിലും, അവളെ ചുട്ടെരിച്ച് ചാരമാക്കി, പ്രഹ്ലാദൻ ഒന്നും സംഭവിക്കാതെ രക്ഷപ്പെടുന്നു.

പ്രധാന ദിവസം – രംഗ്‌വാലി ഹോളി

അടുത്ത ദിവസം രാവിലെ രംഗ്‌വാലി ഹോളി (ധുലേതി) ആയി ആഘോഷിക്കുന്നു. ആളുകൾ പരസ്പരം നിറങ്ങൾ തേച്ചും വാരിയെറിഞ്ഞും ആഘോഷിക്കുന്നു. പരസ്പരം കളിക്കാനും നിറം നൽകാനും വാട്ടർ ഗണ്ണുകളും വെള്ളം നിറച്ച ബലൂണുകളും ഉപയോഗിക്കാറുണ്ട്. ആളുകൾ സംഘങ്ങളായി  ഡ്രമ്മുകളും മറ്റ് സംഗീതോപകരണങ്ങളും  പാട്ടും നൃത്തവുമായി ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് പോകുന്നു.  ദിവസം മുഴുവൻ ആളുകൾ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും  സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ഭക്ഷണപാനീയങ്ങലും ഹോളി പലഹാരങ്ങളും കഴിക്കുകയും ചെയ്യുന്നു.

ക്ഷമയുടെയും പുതിയ തുടക്കങ്ങളുടെയും ഉത്സവമാണ് ഹോളി. സമൂഹത്തിൽ ശത്രുത മറന്ന് ഐക്യം ഉണ്ടാകുക എന്നതാണ് ഹോളിയുടെ ആചാരപരമായ ലക്ഷ്യം. ഹോളിയിൽ സംഘങ്ങൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു, ചിലർ ഡ്രമ്മും ധോലക്കും വായിക്കുന്നു. നിറങ്ങൾ ഉപയോഗിച്ചുള്ള തമാശയുടെയും കളിയുടെയും ഇടവേളകളിൽ ആളുകൾ ഗുജിയ, മാത്രി, മാൽപുവ, മറ്റ് പരമ്പരാഗത പലഹാരങ്ങൾ എന്നിവ പരസ്പരം പങ്കിട്ട് കഴിക്കുന്നു. കഞ്ചാവ് ഉപയോഗിച്ചുള്ള പാനീയങ്ങൾ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും ഹോളി ആഘോഷത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *