Your Image Description Your Image Description
Your Image Alt Text

അത്ഭുത പ്രവർത്തനത്തിൽ തൃശൂരിലെ ലൂർദ്ദ് മാതാവിനേക്കാൾ ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നത് കൊരട്ടിമുത്തി തന്നെയാണന്നാണ് എന്റെ അഭിപ്രായം . വാഴക്കുല കൊടുത്തു വിളിച്ചു, വിളിപ്പുറത്തുവന്ന കൊരട്ടിമുത്തിയുടെ കളിയേ , പറയാതിരിക്കാൻ നിർവ്വാഹമില്ല .

ഏതെങ്കിലും രീതിയിൽ ഒളിച്ചോടാൻ പഠിച്ച അടവുകൾ പതിനെട്ടും മുട്ടടവും എടുത്തിട്ട് കോൺഗ്രസുകാർ പിടിച്ചുകെട്ടി ഇട്ടിരുന്ന തന്നെ കെട്ടഴിച്ചുവിടണേ എന്നായിരുന്നു കൊരട്ടിമുത്തിയുടെ സമക്ഷം പ്രതാപൻ വച്ച നിവേദനം.

കൊരട്ടിമുത്തി പത്മജയിൽ പ്രവേശിച്ച് ഈ കാണുന്ന അനുഗ്രഹങ്ങൾ മുഴുവൻ ചെയ്തു കൊടുത്തു. പേടിച്ചോടാൻ നിന്നിരുന്ന പ്രതാപന് ജീവൻ കൊടുത്തത് ആ വഴക്കുലയാണ്. എന്നിട്ടും പരസ്യമായി പ്രതാപൻ നേർച്ചയെ തള്ളി പറഞ്ഞത് ഒട്ടും ശരിയായില്ല.

പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇതേ അവസ്ഥയിലായിരുന്നു മുരളിയും. പക്ഷെ മുരളി എവിടെ എന്ത് നേർച്ചയാണ് നൽകിയതെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. 2019 ലെ കാലാവസ്ഥയല്ല വാടകരയിലിപ്പോൾ. ടീച്ചർ രണ്ടും കല്പിച്ച് മുണ്ടുമുറുക്കി ഇറങ്ങിയിരിക്കുകയാണ്.

ഈ പോക്കാണ് പോകുന്നതെങ്കിൽ കരിഞ്ഞുപോകും എന്നതായിരുന്നു മുരളിയുടെ അവസ്ഥ. എങ്ങനെ ഊരുമെന്ന് നോക്കി നിൽക്കുമ്പോഴാണ് സഹോദരിയുടെ രൂപത്തിൽ ഇഷ്ടദൈവം തുണച്ചത്. അതോടെ ആ ആത്മാവും രക്ഷപ്പെട്ടു. പക്ഷെ പ്രശ്നം തൃശൂരാണ്.

സുരേഷ്‌ഗോപി ഒട്ടുമുക്കാൽ എല്ലാ അടവും പ്രയോഗിച്ച് , അങ്ങനെ നിൽക്കുകയാണ്. സുനിൽ കുമാറും അടവുകൾക്ക് മോശമല്ല. ഇവരുടെ ഇടയിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന അങ്കലാപ്പിലാണ് മുരളി. ഏതായാലും അച്ഛന്റെ തട്ടകമല്ലേ 998 ലെ തോൽവി പഠിപ്പിച്ച പാഠം കൈയ്യിലുണ്ടല്ലോ. അന്ന് തോല്പിച്ചവരിൽ പലരും ഇന്നും സജീവമായി കളത്തിലുണ്ടുതാനും.

പ്രതാപന്റെ കുലക്ക് കുറ്റം പറയാതെ സുരേഷ് ഗോപിയുടെ കിരീടത്തിന് കുറ്റം കണ്ടുപിടിച്ചത് ഇത്തിരി കടന്ന കൈയ്യായിപ്പോയി . അവനവന്റെ മനസ്സാണ് നേർച്ചയുടെ പ്രധാനം. അവനവന്റെ കഴിവിനനുസരിച്ചേ നേര്ച്ച സമർപ്പിക്കാൻ പാടുള്ളൂ. വിധവയുടെ ചില്ലി കാശിനെ പുകഴ്ത്തി പറഞ്ഞ യേശുദേവന്റെ സ്വന്തം അമ്മ ഒരു പണമിട പൊന്നിനുവേണ്ടി ദാരിദ്രം പറയുകയില്ല.

കിരീടം തലയിൽ ഉറപ്പിച്ചു നിർത്താൻ ചെമ്പുകൊണ്ട് ബെയിസ് പണിതു. അത് സ്വർണ്ണം കൊണ്ട് പൊതിഞ്ഞു. ഏത് ദേവാലയങ്ങളിലും ഇങ്ങനെത്തന്നെയാണ് വഴിപാടുകൾ നടത്തുന്നത്. സുരേഷ് ഗോപിയുടെ പേര് അംബാനി എന്നൊന്നും മാറ്റിയിട്ടില്ലല്ലോ?

നേർച്ചയെ കുറ്റം പറഞ്ഞത് വലിയ പാപ്പരത്തമായിപ്പോയെന്നാണ് എന്റെ അഭിപ്രായം. അത് ഭക്തരും ദേവരും തമ്മിലുള്ള ഇടപാടാണ്. അത് ഉരച്ചു നോക്കിയവന്റെ എവിടെയെല്ലാം ഉരച്ചു നോക്കണം. ഇവനൊക്കെ ഭാര്യവീട്ടിൽ നിന്നും വീതം കിട്ടിയ സ്വർണ്ണ ഉരുപ്പടികൾ എത്ര തട്ടാന്മാരെ കൊണ്ടുവന്ന് ഉരച്ചുനോക്കിയിട്ടുണ്ടായിരിക്കും.

അന്ന് അത് സാധിച്ചില്ലേലും ഭാര്യതന്നെ മുക്കുപണ്ടമാണോ എന്നറിയാൻവേണ്ടിയെങ്കിലും ചന്ദനകല്ലിൽ ഉരഗുളിക ഉരക്കുന്നപോലെ ഉരച്ചിട്ടുണ്ടാകും. മാതാവിന് നേര്ച്ച നൽകാൻ പോകുന്നത് വർത്തയാക്കരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞിരുന്നുവെന്നാണ് കരക്കമ്പി . അങ്ങനെയെങ്കിൽ അത് വർത്തയാക്കിയവരും പൊറുക്കാനാവാത്ത ദ്രോഹമാണ് സുരേഷ് ഗോപിയോട് ചെയ്തത്.

ഇതേ മാതാവിന്റെ മൂത്ത മകൻ പറഞ്ഞത് വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നാണ്. പൊതുപ്രവർത്തകരായിപ്പോയതുകൊണ്ട് ദേവാലയ സന്ദർശനവും പൊതുവായി പ്രദർശിപ്പിക്കണോ? സുരേഷിനുമില്ലേ ഒരു കുടുംബവും മക്കളും? ധാരാളം പേർക്ക് തന്നാലാകുന്ന സഹായം ചെയ്യുന്ന സുരേഷിന്റെ സ്വർണ്ണ ഉരുപ്പടി ഉരക്കാൻ പോയത് മോശമായിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *