Your Image Description Your Image Description

കോതമംഗലം പ്രതിഷേധത്തിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇവര്‍ക്കെതിരെ ചുമത്തിയ രണ്ട് കേസിലും ജാമ്യം അനുവദിച്ചു. ഒപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം നൽകി.

50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത്. പിന്നാലെ ജാമ്യം ലഭിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിന് നീക്കം നടന്നത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

പൊതുമുതൽ നശിപ്പിച്ചതിനാവശ്യമായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണ്. എന്നാൽ അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യം കോടതി നിരസിക്കുകയും ചെയ്തു.

കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *