Your Image Description Your Image Description
Your Image Alt Text

കരുത്തനായ മുഖ്യമന്ത്രിക്ക് ഭീകരന്മാരായ ശത്രുക്കൾ ഒരുപാടുണ്ടെങ്കിലും വീടിന്റെ തട്ടിൻപുറത്ത് പതുങ്ങിയിരിക്കുന്ന കൊടുംഭീകരന്മാരുണ്ടെന്ന് ഇപ്പോഴാണ് ലോക മാളോരറിഞ്ഞത്. സങ്കടം സഹിക്കവയ്യാതെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ.

റെഡ് കമാൻഡോകളും പൊലീസ് സഖാക്കളും രാവും പകലും ക്ലിഫ് ഹൗസിനു പുറത്ത് മസിലുപിടിച്ചു നിൽക്കുമ്പോഴാണ് ഈ പരാക്രമം. സംഘികളുടെ ഊരിപ്പിടിച്ച വാളുകളുടെയും സാമ്രാജ്യത്വ ഭീകരന്മാരുടെ ഒളിയമ്പുകളുടെയും ഇടയിലൂടെ നെഞ്ചുവിരിച്ചു നടന്ന ഒരു കോമ്രേഡിനെ മൂത്രമൊഴിച്ച് പേടിപ്പിക്കാനാണ് തട്ടിൻപുറം താവളമാക്കിയ മരപ്പട്ടികളുടെ നീക്കമെന്ന് കേൾക്കുമ്പോൾ , നിസാരമായിട്ടു തോന്നാമെങ്കിലും രാസായുധത്തേക്കാൾ കടുകട്ടിയാണ് മൂത്രപ്രയോഗമെന്ന് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ .

തട്ടിൻപുറത്ത് ഓടിനടന്ന് മൂത്രമൊഴിക്കുന്നതിനാൽ അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം ‘പനിനീർമഴയാണ് “. അറേബ്യൻ അത്തർ എത്രയൊക്കെ തേച്ചുപിടിപ്പിച്ചാലും രക്ഷയില്ല. നൂറുകണക്കിനു പ്രശ്‌നങ്ങളുമായി മല്ലടിച്ച് രാത്രിയിലൊന്നു വിശ്രമിക്കാൻ ക്ലിഫ് ഹൗസിൽ എത്തുമ്പോൾ കിടക്കയിലും കുടിവെള്ളത്തിലുമെല്ലാം മൂക്കുകരിഞ്ഞുപോകുന്ന മണം അനുഭവപ്പെടുന്നു .

ഇസ്തിരിയിട്ടു വച്ച ഷർട്ടിലും മുണ്ടിലും നനവു കണ്ടപ്പോൾ ആദ്യമൊന്നും കാര്യമാക്കിയില്ല. ചുളിവുമാറ്റാൻ നന്നായി വെള്ളം തളിച്ച് ഇസ്തിരിയിട്ടതാവുമെന്നു കരുതി അതും ധരിച്ച് പുറത്തിറങ്ങുകയും ചെയ്തു. അടുത്തുവന്നവരുടെയൊക്കെ മുഖം ചുളിയുകയും മൂക്ക് പ്രത്യേക ഏക്ഷനിൽ വിടരുകയും ചെയ്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് തോന്നിയത്.

പാർട്ടിയിലെ മൂക്കന്മാരുടെ സൂക്ഷ്മപരിശോധനയിൽ കാര്യംപിടികിട്ടി. തട്ടിൻപുറത്തേക്ക് ഗൺമാൻമാരെ അയച്ച് ‘രക്ഷാപ്രവർത്തനത്തിലൂടെ” മരപ്പട്ടികളെ താഴെയിറക്കാമെന്നു വച്ചാലും രക്ഷയില്ല. മരപ്പട്ടികളെ നേരിടാനുള്ള ടെക്‌നിക് പൊലീസ് അക്കാഡമിയിൽ പഠിപ്പിച്ചിട്ടില്ല. പഠിപ്പിച്ചെടുക്കുമ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി തീരുകയും ചെയ്യും.

പണ്ടൊക്കെ പെട്ടിക്കെണിയിൽ വീഴ്ത്തി ഫ്രൈയാക്കാമായിരുന്നെങ്കിലും ഇപ്പോൾ, കടികിട്ടുന്ന കേസാണ്. മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയിലേറെ രൂപ മുടക്കി ക്ലിഫ് ഹൗസ് നവീകരിച്ചിട്ടും തട്ടിൻമുകളിൽ പാട്ടുംപാടി നടക്കുന്ന മരപ്പട്ടികൾ കൊടുംഭീകരന്മാരാണ്.

കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ കേരളത്തിന്റെ വരുമാനം മുഴുവൻ പിടിച്ചുവച്ചിട്ടും മരപ്പട്ടി വേട്ടയ്ക്കുള്ള ഫണ്ട് ബക്കറ്റ് പരിവിലൂടെ സഖാക്കൾ സമാഹരിക്കേണ്ട സ്ഥിതിയാണ് . മരപ്പട്ടിയുടെ ഉറ്റസുഹൃത്തായ ഈനാംപേച്ചിയെ ഇതുവരെ കണ്ടെത്താത്തതിനാൽ ആ വകയിലൊരു പിരിവ് ഒഴിവാക്കാൻ കഴിഞ്ഞു.

മരപ്പട്ടികൾ ഉത്തരേന്ത്യയിൽ നിന്നെത്തിയതാണോയെന്ന് സഖാക്കൾ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും അല്ലെന്ന് വ്യക്തമായി. ഗവർണറും പൊറുതിമുട്ടുകയാണത്രേ. പിണങ്ങിയിട്ടോ ബഹളം വച്ചിട്ടോ കാര്യമില്ലാത്തതിനാൽ മൂപ്പര് കുറേക്കാലം വീടുമാറി താമസിക്കുകയായിരുന്നു.

രാജഭരണകാലത്ത് പണിത മന്ത്രിമന്ദിരങ്ങൾ പൊളിച്ചുകളഞ്ഞ് മരപ്പട്ടി കയറാത്ത കൊച്ചുകൂരകൾ പണിയണമെന്ന് മന്ത്രിമാർക്ക് ആഗ്രഹമുണ്ടെങ്കിലും അസൂയാലുക്കളുടെ പാരവയ്പ് പേടിച്ച് മിണ്ടാൻ വയ്യ. കോടികൾ വിഴുങ്ങാനുള്ള പണിയാണെന്ന് സകല ലവന്മാരും വിളിച്ചുകൂവും.

സംഘികളാണ് മുന്നിൽ. ക്ലിഫ് ഹൗസിലോ കന്റോൺമെന്റ് ഹൗസിലോ താമസിക്കേണ്ടി വരുമല്ലോയെന്ന ആശങ്ക ഒട്ടുമില്ലാത്തതിനാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്തും പറയാം. കാശ് മുടക്കില്ലല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *