Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പല കോൺഗ്രസ് നേതാക്കളും ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് നിലവിളിക്കുകയാണെന്ന അരമന രഹസ്യം അങ്ങാടിപ്പാട്ടായി. ഉത്തരേന്ത്യയിൽ വ്യാപകമായിരുന്ന ഈ അസുഖം കേരളത്തിലുമെത്തിയെന്നാണ് പല നേതാക്കളും അടക്കം പറയുന്നത് .

ഉറപ്പാക്കി വച്ചിരുന്ന പല കസേരകളും കള്ളൻമാർ കടത്തിക്കൊണ്ടുപോവുന്നത് സ്വപ്‌നം കണ്ടാൽ എങ്ങനെ ഞെട്ടി എഴുന്നേൽക്കാതിരിക്കും. ചില സത്യങ്ങൾ ഉൾക്കൊള്ളാനാവാത്തതാണ് ഇതിനു കാരണം. നെല്ലും പതിരും തിരിച്ചറിയാതെ നിലവിളിച്ചിട്ടു കാര്യമില്ല.

ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരും ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരുമാണെന്ന വസ്തുത ഉൾക്കൊണ്ടാൽ ആശങ്കകൾ മാറി സുഖമായി ഉറങ്ങാം. അതെങ്ങനാ പകല് ഖദറും രാത്രിയിൽ കാവിയുമല്ലേ ധരിക്കുന്നത് .

കേരളത്തിലെ പല നേതാക്കൾക്കും പകൽപോലും സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ട്. കസേരയുടെ നിറത്തിലല്ല, അതിൽ ഇരിക്കുന്നതിലാണ് കാര്യം. നിന്നു കാലുകഴച്ചാൽ ഇരുന്നേ പറ്റൂ. അല്ലെങ്കിൽ കിടന്നുപോകും. ഏറ്റവുമൊടുവിൽ, ബീഹാറിലും ഹിമാചലിലും കാശ് വീശി വശീകരിച്ച് കോൺഗ്രസ് നേതാക്കളെ സംഘികൾ കടത്തിക്കൊണ്ടുപോവുകയാണ് .

ബാക്കിയെല്ലായിടത്തും ഏറെക്കുറെ പൂർത്തിയായി. വശീകരണം എന്ന ആഭിചാരക്രിയയിലൂടെ ഗാന്ധിയൻ പ്രസ്ഥാനത്തെ തകർക്കാനാണ് നീക്കമെങ്കിലും അത് നടപ്പില്ല. ഇങ്ങനെ പോകുന്നവരാരും ചതിയന്മാരല്ലെന്ന സത്യം രാഷ്ട്രീയ കേരളം ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തമഗാന്ധിയൻമാർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ.

പ്രലോഭനങ്ങളിൽ വീഴുന്നവരല്ല കോൺഗ്രസുകാർ. കാവി പാളയത്തിലെത്തി, അല്ലയോ സംഘികളെ നിങ്ങളീ ചെയ്യുന്നത് ശരിയാണോ, സത്യത്തിലേക്ക് മടങ്ങിവരൂ എന്നു പറയാനാണ് നേതാക്കൾ പോകുന്നത്. അതിന് ഇന്നല്ലെങ്കിൽ നാളെ ഫലമുണ്ടാകും. നന്മകൾ തിരിച്ചറിഞ്ഞ് സംഘികളെല്ലാം കോൺഗ്രസുകാരായി തിരികെയെത്തുന്ന ഒരു കാലം വിദൂരമല്ല.

അന്ന് ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാവില്ല. ഇതേ രീതി നടപ്പാക്കി കേരളത്തെയും ശരിപ്പെടുത്തിയെടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ തകൃതിയായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും കൂടിവന്നാൽ ഇട്ടുകൊടുക്കാനുള്ള കസേരയ്ക്ക് എവിടെപ്പോകുമെന്ന ആശങ്കയിലാണ് കേരളത്തിലെ സംഘ പരിവാറുകാർ.

പായയിലാണെങ്കിലും ഇരുന്നോളാമെന്ന് ചില ഖദറുകാർ പറഞ്ഞെന്നാണ് ലഭിക്കുന്ന സൂചന. കെ.പി.സി.സിയെ ഡബിൾ സ്‌ട്രോംഗ് ആക്കാൻ 77 പേരെയാണ് സെക്രട്ടറിമാരാക്കിയത്. 22 ജനറൽ സെക്രട്ടറിമാർക്ക് ഇവർ ബുദ്ധി ഉപദേശിക്കുന്നതോടെ കേരളത്തിൽ ചിലതെല്ലാം സംഭവിച്ചേക്കാം. ആവശ്യത്തിന് സെക്രട്ടറിമാരില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു.

വലിയൊരു പ്രസ്ഥാനമായതിനാൽ ചുരുങ്ങിയത് 100 സെക്രട്ടറിമാരെങ്കിലും വേണ്ടതാണ്. സംഘികൾക്കും സഖാക്കൾക്കും ചാനൽ ചർച്ചകൾക്കിടെ ക്യാപ്‌സൂളുകൾ തയ്യാറാക്കാൻ ഒരുപാട് സെക്രട്ടറിമാരുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധിക്കാതിരുന്നത് കോൺഗ്രസിന് ഒരുപാട് നാണക്കേടുണ്ടാക്കി. പുതിയ സെക്രട്ടറിമാർ ക്യാപ്‌സൂൾ വിദഗ്ദ്ധരാണെന്നാണ് റിപ്പോർട്ട്. കാലം പോയ പോക്കേ ..

Leave a Reply

Your email address will not be published. Required fields are marked *