Your Image Description Your Image Description

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ ഈയടുത്തുണ്ടായ ആക്രമണം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും എത്ര അകലെപ്പോയി ഒളിച്ചാലും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

‘എം.വി. ചെം പ്ലൂട്ടോക്കെതിരെയുണ്ടായ ഡ്രോണ്‍ ആക്രമണവും ചെങ്കടലില്‍ എംവി സായിബാബക്കെതിരായ ആക്രമണവും ഗൗരവത്തോടെയാണ് കാണുന്നത്. എവിടെപ്പോയി ഒളിച്ചാലും ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം നടപ്പാക്കിയവരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിക്കും’, നാവികസേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പല്‍ ഐഎന്‍എസ് ഇംഫാല്‍ കമ്മിഷന്‍ ചെയ്തശേഷം സിങ് പറഞ്ഞു.

ചരക്കുകപ്പലുകള്‍ക്കുനേരെ ഈയടുത്തുണ്ടായ അക്രമണങ്ങള്‍ക്കുശേഷം ഇന്ത്യന്‍ നാവികസേനയുടെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയായിരുന്നു പോര്‍ബന്ധറില്‍ നിന്നും 217 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നും എം.വി. ചെം പ്ലൂട്ടോക്കെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലില്‍ 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാം പൗരനുമാണ് ഉണ്ടായിരുന്നത്. ന്യൂ മംഗളൂരു തുറമുഖത്തേക്ക് വരുന്ന വഴിയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

25 ഇന്ത്യന്‍ അംഗങ്ങളുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ഗബോണ്‍ ഉടമസ്ഥയിലുള്ള ക്രൂഡ് ഓയില്‍ ടാങ്കറിനുനേരെയും ചെങ്കടലില്‍ വെച്ച് ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *