Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളും കടുത്ത മത്സരത്തിന് തയ്യാറെടുത്തു , 14 ഇടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാൻ പോകുന്നത് . പ്രചാരണത്തിൽ ആദ്യ റൗണ്ട് പിന്നിട്ട എൽഡി.എഫിന് പിന്നാലെ, കളത്തിലിറങ്ങി ഒപ്പത്തിനൊപ്പമെത്താനുള്ള ഓട്ടത്തിലാണ് യു.ഡി.എഫ്.

എ പ്ലസ് ഉൾപ്പെടെ ബി.ജെ.പിക്ക് ഏറെ സ്വാധീന ശേഷിയുള്ള 12 സീറ്റുകളിൽ കരുത്തരെ ഇറക്കി കളം നിറച്ച് എൻ.ഡി.എയും രംഗത്തെത്തി . തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ വേനൽച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിൽ കേരളം അമർന്നു കഴിഞ്ഞു.

സംസ്ഥാനത്തെ14 മണ്ഡലങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനും അതിൽ ആറെണ്ണം കടുത്ത ത്രികോണ മത്സരത്തിനും വേദിയാവുമെന്നതാണ് നിലവിലെ ചിത്രമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു . 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫലം പ്രവചനാതീതമായേക്കാവുന്ന മണ്ഡലങ്ങൾ ഇത്തവണ ഏറെയാണ്.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, തൃശൂർ, പാലക്കാട്, ആലത്തൂർ, വടകര, കോഴിക്കോട്, കണ്ണൂർ, കാസർകോട് സീറ്റുകൾ ഇഞ്ചോടിഞ്ച് മത്സരത്തിനു വേദിയാവുകയാണ്. ഇതിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് സീറ്റുകളിലാണ് കടുത്ത ത്രികോണപ്പോര് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴ, വയനാട്, കണ്ണൂർ സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരൂ. ബി.ജെ.പി മത്സരിക്കുന്ന ബാക്കി നാലു സീറ്റുകളിലെയും സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാലു സീറ്റുകളെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിൽപ്പെട്ട തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി.മുരളീധരനെയും നിറുത്തിയതുകൊണ്ട് , പ്രചാരണത്തിൽ സകല വിധ പാർട്ടി തന്ത്രങ്ങളും പയറ്റും.

ശശി തരൂരിന് നാലാമൂഴത്തിലും വെന്നിക്കൊടി പാറിക്കാനുള്ള കരുക്കൾ നീക്കി യു.ഡി.എഫും മണ്ഡലത്തിലെ മുൻ എം.പി പന്ന്യൻ രവീന്ദ്രനെ വീണ്ടുമിറക്കി എതിരാളികളെ ഞെട്ടിച്ച് എൽ.ഡി.എഫും വർദ്ധിത വീര്യത്തോടെ തിരുവനന്തപുരം പടക്കളത്തിലുണ്ട്.

സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്ത സീറ്റ് നിലനിറുത്താൻ ശക്തനായ അടൂർ പ്രകാശിലൂടെ യു.ഡി.എഫും കൈ വിട്ട സീറ്റ് എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാൻ അജയ്യനായ യുവ പോരാളിയും വർക്കല എം.എൽ.എയുമായ വി.ജോയിയിലൂടെ എൽ.ഡി.എഫും ശ്രമിക്കുമ്പോൾ അങ്കം പൊടി പാറും.

ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കാനുള്ള സാദ്ധ്യതയാണ് . വേണുവിന് പകരം കോൺഗ്രസിന്റെ ആരായാലും എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി , എ.എം.ആരിഫുമായുള്ള ഏറ്റുട്ടൽ കടുക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് പാർട്ടിയിലെതീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ ഇറക്കി ബി.ജെ.പി ത്രികോണ മത്സരം സൃഷ്ടിച്ചത്.

കോട്ടയത്ത് ഇരു കേരള കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി കളത്തിലിറങ്ങുന്നതോടെ ത്രികോണ പോരാട്ടത്തിലേക്ക് വഴി മാറാം.
സുരേഷ് ഗോപിയുടെ രംഗ പ്രവേശത്തോടെ 2019 ൽ തന്നെ ത്രികോണ മത്സരം നടന്ന തൃശൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനൊപ്പം എൽ.ഡി.എഫിലെ കരുത്തനായ മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും വിജയക്കൊടി പാറിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ്.

തൃശൂർ ആരെടുക്കുമെന്നത് ഇപ്പോഴേ പ്രവചനാതീതമാണ് . പാലക്കാട്ട് സീറ്റ് നില നിറുത്താനുള്ള കോൺഗ്രസിലെ സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠന്റെ കരുനീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയുമായ എ.വിജയരാഘവനുയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *