Your Image Description Your Image Description
Your Image Alt Text

കുറച്ചു കാലങ്ങളായി കേരള സമൂഹം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ചർച്ച് ബിൽ , ഈ ചർച്ച് ബില്ലെന്ന ഓലപ്പാമ്പ് കാട്ടി മലങ്കര സഭയെ പേടിപ്പിക്കുകയാണ് പിണറായി സർക്കാരും . പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകൾ കടമെടുത്താൽ വെടികെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കുകയാണ് .

ചർച്ച് ബില്ലെന്ന പേരും പറഞ്ഞു ആരെയാ വിരട്ടുന്നത് , ആർക്കാണ് ഇത്ര താൽപ്പര്യം , യാക്കോബായക്കാരെ സുഖിപ്പിക്കാനാണ് ഈ ഓലപ്പാമ്പ് കാട്ടുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും .
യഥാർത്ഥത്തിൽ ചർച്ച് ബില്ലെന്ന് പറയുന്നതല്ലാതെ അതിന്റെ പൂർണ്ണ രൂപം ഇനിയും രൂപ പെടുത്തിയിട്ടില്ല.

ഇപ്പോഴും വെറും ആലോചനാവിഷയം മാത്രമേ ആയിട്ടുള്ളു . അപ്പോഴേയ്ക്കും അതിന്റെ പേരിൽ ഊറ്റം കൊള്ളുന്ന യാക്കോബായക്കാരെ എന്താണ് പറയേണ്ടത് ?
‘The Kerala Church (Properties and Institutions) Bill 2019” എന്ന പേരില്‍ കേരള നിയമപരിഷ്‌കാര കമ്മീഷന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടു മാത്രമാണുള്ളത് . 2009ല്‍ ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ , തയ്യാറാക്കിയ ‘The Kerala Christian Church Properties and Institutions Trust Bill 2009’ എന്ന കരട് ബില്ലില്‍ നിന്നാണ് ഈ ആശയത്തിന്‍റെ തുടക്കം.

ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ തയ്യാറാക്കിയ കരട് ബില്ലിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അത് എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നതാണ് . അല്ലാതെ ഓർത്തഡോക്സുകാരെയും , വികടിത യാക്കോബായക്കാരെയും മാത്രം ബാധിക്കുന്ന കാര്യമല്ല .

എന്നാലും ആ ബില്ലനുസരിച്ച് താൽക്കാലികമായി യാക്കോബായക്കാർക്ക് സന്തോഷം ലഭിക്കുമെങ്കിലും, വരും കാലത്ത് ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടാകുന്നത് അവർക്ക് തന്നെയാണ് . അതവർ മനസ്സിലാക്കുന്നില്ല . ബില്ലിന്റെ മുഴുവൻ വിശദാംശങ്ങളിലേക്ക് പോവുകയാണെങ്കിൽ ഇന്നും നാളെയും പറഞ്ഞാൽ തീരില്ല .

യാക്കോബായക്കാർക്ക് സന്തോഷം വരുന്നത് എങ്ങനെയാണെന്ന് നോക്കാം , സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളികളിന്മേലും സ്വത്തുക്കളിന്മേലും ലഭിച്ച അവകാശം നമുക്കേവർക്കുമറിയാം .

ആ വിധി കൃത്യമായി നടപ്പിലായേ മതിയാകൂ . ഓര്‍ത്തഡോക്‌സ് സഭ വിധി നടപ്പാക്കി കിട്ടുന്നതിന് ശ്രമിച്ചാൽ വികട യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ പോലീസ് സഹായത്തോടെ പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

യാക്കോബായക്കാരുടെ കൈവശമിരിക്കുന്ന മണര്‍കാട്, കോതമംഗലം, കോലഞ്ചേരി തുടങ്ങി പല സ്ഥലങ്ങളിലും വിശ്വാസികളിൽ ബഹുഭൂരിപക്ഷവും വികട യാക്കോബായ വിഭാഗത്തിലുള്ളവരാണ് . ജനങ്ങളാണ് പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശികളെന്ന ചര്‍ച്ച് ആക്ട് വ്യവസ്ഥ നിലവില്‍ വന്നാല്‍ അത്തരം സ്ഥലങ്ങളിലെ പള്ളിഭരണം വികട യാക്കോബായ വിഭാഗത്തിനു ലഭിച്ചേക്കാം.

അതാണ് അവർ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി തുള്ളിച്ചാടുന്നത് . ചര്‍ച്ച് ആക്ടിന്റെ അന്ത:സത്തയാണു നടപ്പാകുന്നതെങ്കില്‍ തല്‍ക്കാലം വികട യാക്കോബായ നേതൃത്വത്തിന് ഇത്തരത്തില്‍ നേട്ടമുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഭ്യന്തരമായി ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത് ആ വിഭാഗത്തിലുള്‍പ്പെടെ പൗരോഹിത്യമേധാവിത്വം തന്നെയായിരിക്കും.

എല്ലാ സഭാവിഭാഗങ്ങളിലും സംഭവിക്കാനിരിക്കുന്ന ശുഭോദര്‍ക്കവും പുരോഗമനപരവുമായ ഒരു മാറ്റമായിരിക്കുമത് . കേവലം ഒരു ട്രസ്റ്റ് മാത്രമായി സഭയെ തരം താഴ്ത്തുന്നു. സഭ ഒരു ചാരിറ്റബിള്‍ ട്രസ്റ്റല്ല. ഉപവി പ്രവര്‍ത്തനം അതിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ്.

സഭാനേതൃത്വത്തെ തകര്‍ക്കുകയും സഭാതലവന്‍റെയും, മെത്രാന്മാരുടെയും, സിനഡിന്‍റെയും അവകാശാധികാരങ്ങള്‍ പാടെ നിരാകരിക്കുകയും ചെയ്യുന്നു. സഭാതലവന്‍ സഭാതലട്രസ്റ്റിന്‍റെ അദ്ധ്യക്ഷനെന്ന നിലയിലേക്ക് ചുരുങ്ങും. മറ്റ് ട്രസ്റ്റിന്‍റെ ഭരണത്തില്‍ അദ്ദേഹത്തിന് ഇടപെടുവാന്‍ കഴിയുകയില്ല. മെത്രാന്മാർ മെത്രാസന തല ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ മാത്രമായിരിക്കും. ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്ക് ഉണ്ടായിരിക്കുകയില്ല.

ഇടവകകളെയും മെത്രാസനങ്ങളെയും വിഭജിക്കുന്നതിനും, കൂട്ടിച്ചേര്‍ക്കുന്നതിനും കാനന്‍നിയമം അനുശാസിക്കുന്ന രീതികള്‍ അപ്രായോഗികമാകും. സിനഡിനും മെത്രാനുമുള്ള അധികാരങ്ങള്‍ നഷ്ടമാകും.
ഇടവക, ഭദ്രാസനം , സഭ എന്നിങ്ങനെ മൂന്നു സ്വതന്ത്ര ട്രസ്റ്റുകള്‍ രൂപപ്പെടുകവഴി സഭയുടെ ദൈവശാസ്ത്രപരമായ ആന്തരിക ഘടന നശിക്കും.

ഇടവകവികാരിമാരുടെ ചുമതല പൂജാരിയുടെ റോളിലേക്ക് ചുരുങ്ങും. പൗരോഹിത്യശുശ്രൂഷ ഒരു ‘തൊഴിലായി അധഃപതിക്കും. ക്രൈസ്തവവിശ്വാസപരിശീലനം, രൂപീകരണം, വിശ്വാസികളുടെ അവകാശങ്ങള്‍, സെമിനാരി പരിശീലനം, അച്ചടക്കം, സഭയെ സംബന്ധിച്ച പ്രത്യേക നിയമങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം വിശാലമായ അര്‍ത്ഥത്തില്‍ ട്രസ്റ്റ് അസംബ്ലികളുടെ തീരുമാനത്തിന് വിധേയമാകും.

ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങള്‍ മാത്രം നടപ്പിലാകും. അത് എല്ലായ്പ്പോഴും നന്മയാകണമെന്നില്ല. വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും ഇതില്‍ കടന്നുകൂടാം. കാനന്‍നിയമത്തെ നിരാകരിക്കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.

ബില്ല് നടപ്പിലാക്കുവാന്‍ ഗവണ്‍മെന്‍റുണ്ടാക്കുന്ന ചട്ടങ്ങളിലും ട്രസ്റ്റിന്‍റെ നിയമാവലികളിലും കാനന്‍നിയമത്തിന് വിരുദ്ധമായതോ കാനന്‍നിയമത്തെ അപ്രസക്തമാക്കുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുവാന്‍ ഇനിയും സാധ്യതകളുണ്ട്.

പൊതുവായ സഭാനിയമങ്ങളുടെയും സിനഡ് രൂപം കൊടുത്ത പ്രത്യേക നിയമങ്ങളുടെയും അഭാവം സഭയില്‍ അരാജകത്വം സൃഷ്ടിക്കും. കാനന്‍നിയമം അനുസരിക്കാത്തവര്‍ക്കും ആത്മീയസേവനങ്ങള്‍ ലഭ്യമാക്കേണ്ടതായി വരും.

ഇടവക, ഭദ്രസനം , സഭ എന്നിങ്ങനെയുള്ള വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്ന അധികാരശ്രേണികള്‍ ഇല്ലാതെയാകുമ്പോള്‍ സഭ വിവിധ ഇടവകകള്‍ മാത്രമാകും. സഭയുടെ കൂട്ടായ്മ നഷ്ടമാകും.
പൗരോഹിത്യത്തെ ഒരു ശുശ്രൂഷയോ, ദൈവവിളിയോ ആയി കാണാത്ത സാഹചര്യം ഉരുത്തിരിയുകയും പൗരോഹിത്യ ദൈവവിളികള്‍ കുറയുകയും ചെയ്യുന്ന പക്ഷം സ്ത്രീപുരുഷഭേദമെന്യേ എല്ലാവര്‍ക്കും പൗരോഹിത്യത്തിന്‍റെ വാതില്‍ തുറന്നിടുകയും, അനുഷ്ഠാനവിധികള്‍ പഠിച്ച ആരെയും ശുശ്രൂഷകരായി നിയമിക്കുകയും ചെയ്തേക്കാം.

കത്തോലിക്കാസഭയില്‍ പോലും മാര്‍പാപ്പയ്ക്കുള്ള സ്ഥാനവും അധികാരവും നിഷേധിക്കപ്പെടും. മാര്‍പാപ്പായെയും കത്തോലിക്കാ ദൈവശാസ്ത്രത്തെയും, സഭാപ്രബോധനങ്ങളെയും നിരാകരിക്കുന്ന സഭ കത്തോലിക്കാസഭയായി തുടരുകയില്ല.

ദൈവാലയ നിര്‍മ്മാണം, വിശ്വാസപരിശീലന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച് കമ്മീഷണറുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. സഭയുടെ നന്മയും വളര്‍ച്ചയുമെന്നതിനേക്കാള്‍ ഗവണ്‍മെന്‍റിന്‍റെ താല്പര്യങ്ങളായിരിക്കും സംരക്ഷിക്കപ്പെടുക.

കേരളത്തിലെ സഭകൾ ആഗോളസഭയില്‍നിന്നും വിച്ഛേദിക്കപ്പെടാന്‍ ഇടയാകും . ഇടവക, ഭദ്രാസനം , സഭ, ആഗോളസഭ എന്നീ തലങ്ങളിലാണ് പല സഭകളും പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ സഭയിൽ മാര്‍പാപ്പയ്ക്ക് രൂപതാദ്ധ്യക്ഷനെന്നപോലെ ഓരോ ഇടവകയിലും രൂപതയിലും നേരിട്ട് ഇടപെടുവാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട് .

ഇങ്ങനെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട് കരട് ബില്ലിൽ . ‘ക്രിസ്ത്യന്‍ സഭകളിലെ മൂല്യച്ച്യുതി’യെക്കുറിച്ച് വീറോടെ സംസാരിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഈ സമൂഹത്തിന്‍റെ ഭാഗമാണ് ക്രിസ്ത്യന്‍സഭയും.

മൂല്യച്യുതി വന്നിരിക്കുന്നത് ഇന്നത്തെ സമൂഹത്തിനാകമാനമാണ്. അതിന്‍റെ പ്രതിഫലനം ക്രിസ്ത്യന്‍ സഭകളിലുമുണ്ടാകും. സ്വത്വബോധം നഷ്ടപ്പെട്ടവരാണ് സ്വന്തം അസ്തിത്വത്തിന്‍റെ അടിത്തറയിളക്കാന്‍ ശ്രമിക്കുന്നത്.

കാനന്‍നിയമത്തിനെതിരായ സൂചനകള്‍ നിലവിലുള്ള സഭാ സംവിധാനത്തെ തകര്‍ക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യമെന്ന് ആർക്കും മനസ്സിലാകും . മാത്രവുമല്ല ട്രസ്റ്റ് അസംബ്ലികളും തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ കിടമത്സരത്തിന്‍റെയും ചേരിതിരിഞ്ഞുള്ള പോര്‍ വിളികളുടെയും വേദികളായി ഭാവിയില്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇനി പറ ചർച്ച് ബിൽ വേണോ വേണ്ടായോ ? നമ്മൾ തന്നെ നമുക്ക് കുഴി തോണ്ടുകയല്ലേ ?

Leave a Reply

Your email address will not be published. Required fields are marked *