Your Image Description Your Image Description

ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സ്വാധീനിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. മണിപ്പൂര്‍ ചര്‍ച്ചയാകാത്തത് പരാജയമെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് മാര്‍പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്നും അപലപിക്കുന്നു.  ക്രിസ്മസ് ദിനം ക്രൈസ്തവ സഭാധ്യക്ഷന്മാരും, മറ്റ് പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് കേരളമടക്കം സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെത്തി ക്രൈസ്തവ സഭ അധ്യക്ഷന്മാരെ വീണ്ടും കാണാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

എന്നാല്‍ ന്യൂനപക്ഷങ്ങളെ വേര്‍തിരിച്ച് ചര്‍ച്ച നടത്തിയത് തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളുടെ ശ്രമം. ക്രൈസ്തവര്‍ക്ക് തുല്യം മുസ്ലീം സമുദായവും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഏകപക്ഷീയമായി ചര്‍ച്ച നടത്തിയത് വിഭജനത്തിനുള്ള ശ്രമമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. മാര്‍പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന ‘ഓഫര്‍’ മുന്‍പോട്ട് വയ്ക്കുന്നതും ആദ്യമായല്ല. ഗോവ തെരഞ്ഞെടുപ്പ് വേളയില്‍ ഈ വാഗ്ദാനം നല്‍കി വോട്ട് നേടിയെങ്കിലും മാര്‍പാപ്പ ഇന്ത്യയിലെത്തിയില്ല. സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് ചര്‍ച്ചകള്‍ കൊണ്ടുപോകാനും പ്രധാനമന്ത്രി തയ്യാറായില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവരും മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്നു. മണിപ്പൂര്‍ ബിഷപ്പിനെ ചര്‍ച്ചക്ക് വിളിക്കാത്തതെന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. എന്നാല്‍ മണിപ്പൂര്‍ ഉന്നയിക്കാനുള്ള വേദി അതല്ലായിരുന്നുവെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ന്യായീകരണം.

അതേ സമയം, കൂടിക്കാഴ്ച വിജയകരമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ അടുത്ത കേരള സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട ക്രൈസ്തവ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയായിരിക്കും. കേരളമടക്കം സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ബിജെപിയുടെ അണിയറയില്‍ തയ്യാറാകുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *