Your Image Description Your Image Description

കൊച്ചി: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായാണ് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ പ്രതിഷേധിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി.  വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവശ്യം.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രദേശത്തെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നത്. ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽനിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്നാണ് വിവരം. പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി.

സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്.  കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *