Your Image Description Your Image Description

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുന്ന കര്‍ഷകര്‍ മാര്‍ച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയില്‍ രോക്കോ’ (തീവണ്ടി തടയല്‍) സമരം നടത്തും. മാർച്ച് ആറിന് സമരം തുടരും. കൂടുതൽ കർഷക സംഘടനകൾ സമരത്തിന്‍റെ ഭാഗമാകും. പഞ്ചാബിനും ഹരിയാനക്കും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും

കര്‍ഷകനേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കർഷക സമരത്തിനിടെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിനായുള്ള പ്രാർഥനാ യോഗത്തിന് ശേഷം കിസാൻ മസ്ദൂർ മോർച്ച നേതാവ് സര്‍വാന്‍ സിങ് പാന്ഥറാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ട്രാക്ടര്‍ ട്രോളികളില്‍ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തീവണ്ടി മാര്‍ഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ട്രാക്ടറുകളില്‍ കര്‍ഷകരുടെ യാത്ര സര്‍ക്കാര്‍ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കര്‍ഷകരുടെ ഡല്‍ഹിയാത്ര തീരുമാനിക്കുക,കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു.

വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് പഞ്ചാബിൽനിന്നും ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. സമരക്കാരെ ഹരിയാന പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. കേന്ദ്ര സർക്കാറുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *