Your Image Description Your Image Description
Your Image Alt Text

ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി സംഘടിത പോരാട്ടത്തിന്‌ ഇറങ്ങിയവരുടെ മണ്ണാണ് ആറ്റിങ്ങൽ . ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും വക്കം അബ്ദുൾ ഖാദർ മൗലവിയുടെയും കർമമണ്ഡലം. കല്ലറയും പാങ്ങോടുമടക്കം കർഷകസമരങ്ങൾ വിറപ്പിച്ച ഭൂമിക.

ത്രസിപ്പിക്കുന്ന ഈ പാരമ്പര്യമാണ്‌ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള മണ്ണാക്കി ആറ്റിങ്ങലിനെ മാറ്റിയത്‌. കേരളപ്പിറവിക്കുശേഷം നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10 തവണയും ഇടതുപക്ഷ സ്ഥാനാർഥികളാണ് വിജയിച്ചത്.

സുശീല ഗോപാലനും വർക്കല രാധാകൃഷ്‌ണനും കെ അനിരുദ്ധനും ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ അതികായർ അതിൽപ്പെടും. ആറുതവണ യുഡിഎഫ്‌ വിജയിച്ചപ്പോൾ വയലാർ രവിയും തലേക്കുന്നിൽ ബഷീറും അതിൽ ഇടംപിടിച്ചു.

മൂന്നുപതിറ്റാണ്ടോളം തുടർച്ചയായി എൽഡിഎഫ്‌ ജയിച്ച ആറ്റിങ്ങലിൽ അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞതവണ യുഡിഎഫ്‌ സ്ഥാനാർഥി അടൂർ പ്രകാശിന്റെ വിജയം. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷവും എംപിയുടെ മണ്ഡലത്തിലെ സാന്നിധ്യവും പ്രവർത്തനവും ശുഷ്കമാണ്.

കോൺഗ്രസുകാർക്കുപോലും അടൂർ പ്രകാശിനെ കാണാൻ കിട്ടിയിട്ടില്ല . പേരെടുത്തുപറയാനോ അവകാശപ്പെടാനോ ഒരു പദ്ധതിപോലുമില്ല. പാർലമെന്റിലെ പ്രകടനവും ദയനീയം. ദേശീയപാതയ്‌ക്കായി ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയും നഷ്ടപരിഹാരവിതരണം ആരംഭിക്കുകയും ചെയ്‌ത ഘട്ടത്തിലാണ്‌ അടൂർ പ്രകാശ് എംപിയായത് .

എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാൽ അതിവേഗം പൂർത്തിയാകുന്ന വികസനങ്ങളൊക്കെ സ്വന്തം ശ്രമഫലമാണെന്ന്‌ സ്ഥാപിക്കാനാണ് എംപിക്ക് ഉത്സാഹം. ലൈഫ്‌ സയൻസ്‌ പാർക്കും വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ടെക്‌നോ സിറ്റിയും ആറ്റിങ്ങൽ മണ്ഡലത്തിൽ യാഥാർഥ്യമാക്കിയത് പിണറായി സർക്കാരാണ്.

സയൻസ്‌ പാർക്കിന്റെയും സ്‌പെയ്‌സ്‌ പാർക്കിന്റെയും പ്രവർത്തനം പുരോഗമിക്കുന്നു. റോഡും പാലവും മാത്രമല്ല , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും യാഥാർഥ്യമായ അടിസ്ഥാനസൗകര്യ വികസനവും മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.

പഴയ ചിറയിൻകീഴാണ്‌ മണ്ഡലം പുനർനിർണയത്തിൽ ആറ്റിങ്ങലായി മാറിയത്‌. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്‌, നെടുമങ്ങാട്‌, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളാണ് അതിർത്തി.

ഈ ഏഴു മണ്ഡലവും എൽഡിഎഫിന്റെ കൈവശമാണ്. അടൂർ പ്രകാശ്‌ കഴിഞ്ഞതവണ 38,247 വോട്ടിനാണ്‌ വിജയിച്ചതെങ്കിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 
മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 1,25,302 വോട്ടാണ്‌.

ഈ സാഹചര്യത്തിലാണ് മൂന്ന് മുന്നണികളുടെയും കരുത്തരായ സ്ഥാനാർത്ഥികൾ വരുന്നത് , എം എൽ എ യും എം പി യും കേന്ദ്ര മന്ത്രിയും തമ്മിൽ മത്സരിക്കുന്ന രാജ്യത്തെ ഏക മണ്ഡലവും ഒരു പക്ഷെ ഇതായിരിക്കും . ഏതായാലും കേരളത്തിൽ ഈ ഒരു മണ്ഡലമേയുള്ളു .

വി ജോയി എം എൽ എ , അടൂർ പ്രകാശ എം പി , വി മുരളീധരൻ കേന്ദ്ര മന്ത്രി . ഇവർ മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം . ഇവരിൽ ആരെ കൊള്ളും ആരെയൊക്കെ തള്ളും , കാത്തിരുന്ന് കാണേണ്ടത് തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *