Your Image Description Your Image Description
Your Image Alt Text

കാസർഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 2011 മാര്‍ച്ച് 14ന് തുടങ്ങിയ സ്ഥാപനമാണ് ചാച്ചാജി ബഡ്‌സ് സ്‌കൂള്‍. നിലവില്‍ സ്ഥാപനത്തില്‍ 45 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുകയും 28 കുട്ടികള്‍ ദിവസവും ഹാജരാകുകയും ചെയ്യുന്നു. 50 സെന്റ്‌റ് സ്ഥലത്തില്‍ വാടക കെട്ടിടത്തിലാണ് പദ്ധതി ആരംഭിച്ചത്. 2012 ല്‍ കുടുംബശ്രീയുടെ സഹായത്തോടെ ഒരു വാഹനം ലഭിച്ചിരുന്നു. നിലവില്‍ 2 സ്‌പെഷ്യല്‍ എഡ്യുകേറ്റര്‍, 2 ആയ, 1 കുക്ക്, 1 ഡ്രൈവര്‍ എന്നിവര്‍ ജീവനക്കാരായി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

2022 മാര്‍ച്ച് അഞ്ചിന് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പൂടംകല്ലില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. അതേ വര്‍ഷം പഞ്ചായത്തിന്റെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഫിസിയോതെറാപ്പി ഉപകരണങ്ങള്‍, അലമാര, ഓഫീസ് ചെയര്‍, ടേബിള്‍ ഫൈബര്‍ കസേര എന്നിവര്‍ ലഭ്യമാക്കി. സ്ഥാപനം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുക്കുന്നതിന് ഭാഗമായി എന്‍.ഐ.പി.എം.ആറില്‍ നിന്നും 22 ലക്ഷം രൂപയുടെ ഫിസിയോതെറാപ്പി ഉപകരണങ്ങളും ഒക്കുപേഷണല്‍ തെറാപ്പി ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സിഡ്‌കോയില്‍ നിന്നും 3.36 ലക്ഷം രൂപ ചിലവാക്കി കുട്ടികള്‍ക്ക് ഇരിക്കുന്നതിനുള്ള 25 കസേരകളും, ഡൈനിങ് ഹാളില്‍ നാല് ടേബിളുകളും, രണ്ട് സോഫയും ലഭ്യമാക്കിയിട്ടുണ്ട്.

പുതുതായി ആവശ്യമായ ഫര്‍ണിച്ചര്‍ എസ്.ബി.സി.ഒയില്‍ നിന്നും മാര്‍ച്ച് 15നകം വിതരണം ചെയ്യും. 94 ലക്ഷം രൂപ ചിലവാക്കി എല്ലാ എം.സി.ആര്‍.സികളിലും സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ട നടപടികളും അനേര്‍ട്ടുമായി സഹകരിച്ചു മിഷന്‍ ചെയ്യുന്നുണ്ട്. സെന്ററില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാനാവശ്യമായ നടപടികള്‍ മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.

 

ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം നിഷ്, നിപ്മര്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. ഉത്തര മലബാറില്‍ മികവിന്റെ കേന്ദ്രമായ ഒരു ഭിന്നശേഷി പ്രത്യേക കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പന കളിച്ച് സ്വാഗതം പറഞ്ഞ ബഡ്‌സ് സ്‌കൂളിലെ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ബൈലോ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്ന കൂട്ടായ്മയിലേക്ക് ബഡ്‌സ് സ്‌കൂളിലെ എല്ലാ ഭിന്നശേഷി കുട്ടികളെയും മന്ത്രി സ്വാഗതം ചെയ്തു.

സംസ്ഥാനത്തുള്ള 8,00,000 ഭിന്നശേഷിക്കാര്‍ക്ക് ഇതൊരു കൈത്താങ്ങായി തീരുമെന്നും അവരുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാക്തീകരണത്തിനും ഉതകുന്ന പദ്ധതിയായിരിക്കും എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് പ്രഥമ പരിഗണ തന്നെയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത് എന്നും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ ‘സഹജീവനം സ്‌നേഹ ഗ്രാമത്തില്‍’ കൂടുതല്‍ പുനരധിവാസ സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *