Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്‍.  നാളെ മുതൽ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നിൽ ജീവനക്കാർ നിരാഹാര സമരം തുടങ്ങും. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ രണ്ടുദിവസം കഴിഞ്ഞിട്ടും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ആദ്യ രണ്ടു ദിവസങ്ങളിലായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം മൂന്നരലക്ഷത്തോളമായി. ഇന്നലെ അധ്യാപകർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമാണു ശമ്പളം നൽകേണ്ടിയിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി രണ്ടരലക്ഷത്തോളം ജീവനക്കാരുണ്ട്. ശമ്പളം വിതരണം ചെയ്തെന്നു വരുത്താനായി ജീവനക്കാരുടെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽനിന്നു പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *