Your Image Description Your Image Description

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്താനും ആലോചന. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കിലാണ് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചന.

മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി.  ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഒരു പാദത്തില്‍ ഓവര്‍ ഡ്രാഫ്റ്റിലുടെ കടന്ന് പോകാവുന്ന ദിനങ്ങളും ഇനി കുറവാണ്. ഇത് ക്രമീകരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇടിഎസ്ബി (എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്‌) മരവിപ്പിച്ച് ജീവനക്കാരുടെ ശമ്പളം കൈമാറുന്നത് ഇതുവരെ തടഞ്ഞത്.

പെൻഷൻ വിതരണത്തിനും നിലവിൽ പ്രതിസന്ധിയില്ല.  ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും സാങ്കേതിക തടസമില്ല. ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പള വിതരണം ഉണ്ടാവില്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. നാളെയോടെ ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കാവുന്ന സാഹചര്യം ഒരുക്കാമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *