Your Image Description Your Image Description
Your Image Alt Text

പെൺകുട്ടികളോട് സംസാരിച്ചുകഴിഞ്ഞാൽ സഹിക്കില്ല, കെട്ടിയിട്ട് ഇടിക്കും; എസ്എഫ്ഐ നേതൃത്വം നൽകുന്ന യുണിയനുകളുള്ള കേരളത്തിലെ കോളേജുകളിൽ നിന്നും , ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് .

ഹോസ്റ്റൽ മുറിയിൽ പുലരുംവരെ സിറ്റ് അപ്. പാട്ടുപാടിയില്ലെങ്കിൽ ഇടിക്കട്ടയ്ക്ക് ഇടി. പെൺകുട്ടികളോട് സംസാരിച്ചാൽ കെട്ടിയിട്ട് വിചാരണ. ബഹുമാനക്കുറവ് തോന്നിയാൽ നഗ്നനാക്കി മർദ്ദനം… റാഗിംഗെന്ന പേരിൽ ക്യാമ്പസുകളിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ പെരുകുകയാണ്.

അതിക്രൂര മർദ്ദനമേറ്റ് ജീവനൊടുക്കിയവരും ഗുരുതരമായി പരിക്കേറ്റവരും പഠനം ഉപേക്ഷിച്ചവരും അനവധിയുണ്ടെന്നാണ് പല അധ്യാപകരും ചൂണ്ടിക്കാട്ടുന്നത് . അതിന്റെ അവസാന രക്തസാക്ഷിയാണ് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ്.

റാഗിംഗിനിരയായ മണ്ണുത്തി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥി മഹേഷ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു. നാട്ടകം പോളിടെക്നിക്കിൽ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ വൃക്ക തകരാറിലായി. ഈ കേസിൽ 9 വിദ്യാർത്ഥികൾക്ക് 2വർഷം തടവുശിക്ഷ കിട്ടി.

തിരുവനന്തപുരത്തെ രാജ്യാന്തര നീന്തൽ പരിശീലനകേന്ദ്രത്തിലെ ഹോസ്റ്റലിൽ ഏഴാം ക്ലാസുകാരി റാഗിംഗിനെത്തുർന്ന് കുഴഞ്ഞുവീണ് ആശുപത്രിയിലായി. ഷൂസ് ധരിച്ചതിന് ക്രൂര മർദ്ദനമേറ്റ ചാവക്കാട്ടെ ഗവ.സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ നട്ടെല്ല് തകർന്നു.

ക്ലാസിലെ പെൺകുട്ടികളോട് സംസാരിച്ചതിനാണ് കണ്ണൂരിലെ കോളേജിൽ വിദ്യാർത്ഥിയെ ടോയ്‌ലെറ്റിലിട്ട് ഇടിച്ചത്. മണ്ണാർകാട്ടെ കോളേജിൽ ഇടിക്കട്ട, പട്ടിക എന്നിവയുപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.

പാറശാല കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പിടിച്ചിറക്കി കാടുപിടിച്ച സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ചശേഷം വിവസ്ത്രനാക്കി ഫോട്ടെയെടുത്ത് പ്രചരിപ്പിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയെ രാത്രിമുഴുവൻ മുറിയിൽ പൂട്ടിയിട്ട് തല്ലിച്ചതച്ചു.

ഇങ്ങനെ നീളുന്നു അടുത്തിടെ നടന്ന ആഭാസങ്ങളുടെ പട്ടിക .പ്രൊഫഷണൽ കോളേജുകൾ വിദ്യാർത്ഥികളെക്കൊണ്ട് റാഗിംഗ് വിരുദ്ധ സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല.

ജൂനിയേഴ്സ് അക്രമം പരാതിപ്പെട്ടാൽ പൊലീസിൽ അറിയിക്കാതെ ഒത്തുതീർപ്പാക്കും. ക്രിമിനൽ സംഘം സഹപാഠികളെ പീഡിപ്പിച്ച് രസിക്കാൻ പ്രധാനകാരണം സ്ഥാപനങ്ങളുടെ ഈ ഒത്താശയാണ്. ഇവർക്ക് രാഷ്ട്രീയത്തണലുമുണ്ട്.

മെഡിക്കൽ കോളേജുകളിലെ റാഗിംഗ് മറച്ചുവച്ചാൽ കോളേജിന്റെ അംഗീകാരം പോകും. ഒന്നാം വർഷക്കാർക്ക് പ്രത്യേക താമസസ്ഥലമോ ഹോസ്റ്റൽ ബ്ലോക്കോ ക്രമീകരിക്കണം. സീനിയേഴ്സിന് അവിടേക്ക് പ്രവേശനം നൽകരുത്. റാഗിംഗ് പരാതി നൽകുന്നവരുടെ പേരു രഹസ്യമാക്കണം.

ഒന്നാംവർഷ ക്ലാസ് ആരംഭിക്കുമ്പോൾ സീനിയർ വിദ്യാർത്ഥികൾ ക്യാമ്പസിൽ ഇല്ലാത്തവിധം ക്രമീകരിക്കണം. ക്യാമ്പസിൽ മൊബൈൽ ഫോൺ ഉപയോഗം തടയരുത്. ഫോൺ ജാമർ പാടില്ല. ഗുരുതരമായ റാഗിംഗ്, ആത്മഹത്യാ സംഭവങ്ങളുണ്ടായാൽ കോളേജ് പ്രിൻസിപ്പലും യൂണിവേഴ്സിറ്റി രജിസ്ട്രാറും ദേശീയ റാഗിംഗ് വിരുദ്ധ നിരീക്ഷണ കമ്മിറ്റിയിലെത്തി വിശദീകരണം നൽകണമെന്നാണ് യു.ജി.സി ചട്ടം

സ്ഥാപനങ്ങളിൽ റാഗിംഗ് തടയാൻ വേണ്ടത് , ആന്റി റാഗിംഗ് കമ്മിറ്റി ,ആന്റി റാഗിംഗ് സ്ക്വാഡ് , സി.സി ടിവി നിരീക്ഷണം എന്നിവയൊക്കെയാണ് . ഇതെല്ലാമുണ്ടായാലും റാഗിങ്ങ് നടക്കും . നടന്നാൽ 99 ശതമാനവും പുറത്തുപറയാറില്ല .

പറഞ്ഞാൽ അവരെ ഉപദ്രവിക്കുമെന്ന് മാത്രമല്ല , തുടർന്ന് പഠിക്കാൻ പോലും അനുവദിക്കില്ല . പലപ്പോഴും പ്രിൻസിപ്പൾമാരോട് പരാതിപറഞ്ഞാൽ അവർ നിസ്സാരവൽക്കരിച്ചു കളയുന്നു , അതുകൊണ്ട് തന്നെ ഇരകൾ പരാതി പറയാൻ മിനക്കെടുന്നില്ല .

കലാലയങ്ങളിൽ റാഗിങ്ങ് പൂർണ്ണമായും ഒഴിവാക്കണം , കുട്ടികൾക്ക് പഠിക്കാൻ സമാധാന അന്തരീക്ഷമുണ്ടാക്കണം അതിന് സർക്കാർ മുൻകൈയെടുക്കണം .

Leave a Reply

Your email address will not be published. Required fields are marked *