Your Image Description Your Image Description
Your Image Alt Text

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ഇരച്ചെത്തിയ സര്‍വീസസ് നിരയ്‌ക്കെതിരേ സമനിലയുമായി രക്ഷപ്പെട്ട് കേരളം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.  ഇരുടീമുകളും ഓരോഗോൾ വീതം നേടി(1-1). ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22ാം മിനിറ്റിൽ ഇ സജീഷ് നേടിയ ഗോളിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. അക്ബർ സിദ്ദീഖ് എടുത്ത ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് അത്യുഗ്രൻ ഹെഡ്ഡറിലൂടെ സജീഷ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് സർവ്വീസസ് സമനില പിടിച്ചത്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സര്‍വീസസ് ഒപ്പമെത്തി. മത്സരം ആദ്യ പകുതിയുടെ അധികസമയത്തേക്ക് കടന്നതോടെ കേരള താരങ്ങള്‍ തളര്‍ച്ച പ്രകടിപ്പിച്ചുതുടങ്ങിയ സമയത്തായിരുന്നു ഗോള്‍. മലയാളി താരം മുഹമ്മദ് ഷഫീല്‍ എടുത്ത ത്രോ ഉഷം റോബിന്‍സണ്‍ സിങ് ബോക്‌സിലേക്ക് ക്രോസ് ചെയ്യുമ്പോള്‍ ബോക്‌സിലുണ്ടായിരുന്ന സമിര്‍ മുര്‍മുവിനെ തടയാന്‍ കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും ഗോളി നിഷാദും തമ്മിലുള്ള ധാരണപ്പിശക് കേരളത്തിന് തിരിച്ചടിയായി. ഹെഡറിലൂടെ മുര്‍മു സര്‍വീസസിനെ ഒപ്പമെത്തിക്കുകയും ചെയ്തു.

ഗോൾ നേടിയെങ്കിലും കളിയിലുടനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളം പുറത്തെടുത്തത്. ബോൾ പൊസിഷനിലും മികച്ച നീക്കങ്ങൾ നടത്തുന്നതിലുമെല്ലാം പട്ടാളസംഘമായിരുന്നു മുന്നിൽ. ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ കൂടുതൽ ഉണർവ്വോടെ കളിച്ചെങ്കിലും കേരളത്തിന് വിജയഗോൾ നേടാനായില്ല. ആറു മാറ്റങ്ങളുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *